Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു പിളര്‍ത്തി മുംബൈ

കളിയുടെ 82-ാം മിനിറ്റില്‍ അമിനെ ചെര്‍മിതി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ചത്.

ISL 2019-20 LIVE updates Mumbai City FC beat Kerala Blasters
Author
Kochi, First Published Oct 24, 2019, 10:01 PM IST

കൊച്ചി: ആരാധകര്‍ക്ക് മുന്നില്‍ പൊരുതികളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ മുംബൈ സിറ്റി എഫ്.സി തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. 82-ാം മിനുറ്റില്‍ ടുണീഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് അമീന്‍ ചെര്‍മിതിയുടെ ബൂട്ടില്‍ നിന്നാണ് മുംബൈയുടെ വിജയ ഗോള്‍ പിറന്നത്. സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. രണ്ടു കളിയില്‍ നിന്ന് മൂന്ന് പോയിന്റുമായി ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. നവംബര്‍ രണ്ടിന് ഹൈദരാബാദ് എഫ്.സിയുമായി എവേ ഗ്രൗണ്ടിലാണ് കേരള ടീമിന്റെ അടുത്ത മത്സരം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 28,445 പേരാണ് വ്യാഴാഴ്ച ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം കാണാനെത്തിയത്.

ആദ്യ കളിയില്‍ എടികെയ്‌ക്കെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മാറ്റമുണ്ടായില്ല. അതേ നിരയില്‍ തന്നെ എല്‍കോ ഷട്ടോരി വിശ്വാസമര്‍പ്പിച്ചു. പ്രതിരോധത്തില്‍ ജയ്റോ റോഡ്രിഗസ്, ജെസെല്‍ കാര്‍ണേയ്റോ, മുഹമ്മദ് റാകിപ്, ജിയാനി സുയിവെര്‍ലൂണ്‍ എന്നിവര്‍ നിരന്നു. മധ്യനിരയില്‍ സെര്‍ജിയോ സിഡോഞ്ച, മുഹമ്മദൗ നിങ്, ജീക്‌സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. വശങ്ങളിലൂടെ കുതിക്കാന്‍ ഹാലീചരണ്‍ നര്‍സാരിയും പ്രശാന്തും. ആക്രമണത്തിന്റെ ചുമതല ഓഗ്ബെച്ചേ ഏറ്റെടുത്തു. വലയ്ക്കു മുന്നില്‍ ബിലാല്‍ ഖാന് രണ്ടാമൂഴം.

 

4-3-3 ഫോര്‍മേഷനിലാണ് മുംബൈ ആദ്യ മത്സരത്തിന് ഇറങ്ങിയത്. അമരീന്ദര്‍ സിങ് മുംബൈ ഗോള്‍ വലയ്ക്കു മുന്നിലെത്തി. മറ്റോ ഗ്രജിച്, സൗവിക് ചക്രവര്‍ത്തി, സുഭാശിഷ് ബോസ്, സാര്‍ത്ഥക് ഗൊലുയി, റൗളിങ് ബോര്‍ജസ് എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയ്ക്ക് പൗലോ മച്ചാഡോ, റെയ്നീര്‍ ഫെര്‍ണാണ്ടസ്, ഡീഗോ ഒലിവേര, മുഹമ്മദ് ലാര്‍ബി സഖ്യവും. മുന്നേറ്റത്തിന്റെ ചുമതല അമിനെ ചെര്‍മിറ്റിക്കും കോച്ച് ജോര്‍ജ് അല്‍മേയ്ദ കോസ്റ്റ നല്‍കി.

തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുംബൈ ഗോള്‍മുഖത്തെത്തി. നാലാം മിനിറ്റില്‍ മുംബൈ മുന്നേറ്റക്കാരന്‍ ചെര്‍മിറ്റിയുടെ കുതിപ്പിനെ ജയ്റോ  ബോക്‌സില്‍ തടഞ്ഞു. മുംബൈ പെനാല്‍റ്റി വാദിച്ചു. റഫറി മൂളിയില്ല. സൗവിക്കിന്റെ ഷോട്ട് ഗോള്‍ മുഖത്ത് അപകടം വിതയ്ക്കാതെ കടന്നുപോയി. ഇതിനിടെ കാര്‍ലോസിന്റെ തകര്‍പ്പന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ തടഞ്ഞു. ആദ്യ ഘട്ടത്തില്‍ മുംബൈ നിയന്ത്രണം നേടി.

ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ ശ്രദ്ധിച്ചു. 25ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ഫ്രീക്കിക്ക് ലഭിച്ചു. സിഡോഞ്ച ആണ് എടുത്തത്. പക്ഷേ സിഡോയുടെ കിക്കില്‍ കണക്ട് ചെയ്യാന്‍ ഓഗ്ബെച്ചേയ്ക്ക് കഴിഞ്ഞില്ല. മറുവശത്തു മച്ചാഡോയുടെ ഫ്രീകിക്കും ചലനം ഉണ്ടാക്കിയില്ല. ചെര്‍മിറ്റി ഓഫ് സൈഡ് ആയി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ അല്‍പ്പം പരിഭ്രമം കാണിച്ചെങ്കിലും വഴങ്ങാതെ പിടിച്ചു നിന്നു ബ്ലാസ്റ്റേഴ്സ് പ്രതിരോധം.

36ാം മിനിറ്റില്‍ സുയിവെര്‍ലൂണ്‍ തകര്‍പ്പന്‍ ഇടപെടല്‍ നടത്തി. കോസ്റ്റയുടെ ക്രോസ് കൃത്യമായി ചെര്‍മിറ്റിയുടെ അരികിലേക്ക് പാഞ്ഞു. ഗോള്‍ മണത്ത സുയിവെര്‍ലൂണ്‍ ഹെഡ് ചെയ്ത് അപകടം ഒഴിവാക്കി. നാല്‍പ്പതാം മിനിറ്റില്‍ നര്‍സാരിയെ ഫൗള്‍ ചെയ്തതിനു ഗ്രജിച്ചിന് മഞ്ഞ കാര്‍ഡ് കിട്ടി. ഉടന്‍ തന്നെ മുംബൈ  കോച്ച് ഈ താരത്തെ പിന്‍വലിച്ചു. പകരം പ്രതീക് ചൗധരി ഇറങ്ങി. രണ്ടാം മാറ്റവും അപ്പോള്‍ തന്നെ ഉണ്ടായി. മച്ചാഡോ മാറി. മോതു സോഗു പകരം എത്തി.

ആദ്യ പകുതിയുടെ അവസാന നിമിഷം ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെ എത്തി. സിഡോയുടെ മനോഹര ഫ്രീകിക്ക് ബോക്‌സിലേക്ക്. അവിടെ ജയ്റോ. പക്ഷേ ജയ്റോയുടെ ഹെഡര്‍ അമരീന്ദര്‍ തടഞ്ഞു. കോര്‍ണര്‍ കിക്കിനൊടുവിലെ ദൈവത്തിന്റെ കൈ പ്രയോഗത്തിന്് ബ്ലാസ്റ്റേഴ്സ് മധ്യ നിരക്കാരന്‍ മുസ്തഫ നിങ്ങിനും കാര്‍ഡ് കിട്ടി. ആദ്യ പകുതി ഗോള്‍ ഇല്ലാതെ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുംബൈയുടെ ഗോള്‍ അവസരം സോഗു പാഴാക്കി. ബ്ലാസ്റ്റേഴ്സ് നിരയില്‍ നര്‍സാരിക്ക് പകരം കെ.പി രാഹുല്‍ എത്തി. ഐ.എസ്.എലില്‍ മലയാളി താരത്തിന്റെ അരങ്ങേറ്റത്തിന് ഗാലറിയുടെ നിറഞ്ഞ കയ്യടി അകമ്പടിയേകി . കോര്‍ണര്‍ കിക്കിന് വഴിയൊരുക്കി രാഹുല്‍ തുടങ്ങി. ഗോളിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ആഞ്ഞു ശ്രമിച്ചു. പകരക്കാരായി സഹലും മെസി ബൗളിയും വന്നതോടെ ആക്രമണം മാത്രമായി ബ്ലാസ്റ്റേഴ്സ് ലക്ഷ്യം.

63ാം മിനുറ്റില്‍ ഗോളിനടുത്തെത്തി. ഗോള്‍മുഖത്ത് മുംബൈ ക്ലിയര്‍ ചെയ്ത സിഡോയുടെ കോര്‍ണര്‍ കിക്ക് ബോക്‌സിന് പുറത്ത് നിന്ന് കര്‍നെയ്‌റോയുടെ മുന്നില്‍. സിഡോയുടെ ലോങ്‌റേഞ്ച് പരീക്ഷണം വലക്ക് തൊട്ടുമുകളിലൂടെ പറന്നു. അമരീന്ദറിന്റെ കൈസ്പര്‍ശമുണ്ടായെങ്കിലും റഫറി കോര്‍ണര്‍ അനുവദിച്ചില്ല. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിനെ നിരാശരാക്കി മുംബൈ ഗോള്‍ നേടി. ചെര്‍മിറ്റി ആണ് ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പാളിച്ച ഗോളിന് കാരണമായി. പിന്നാലെ സെര്‍ജി കെവിന്‍ അവരുടെ മികച്ച മറ്റൊരു അവസരം പാഴാക്കി. അധിക സമയത്തും തിരിച്ചടിക്കുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ ഫലം കണ്ടില്ല. 

Follow Us:
Download App:
  • android
  • ios