ഭുവനേശ്വര്‍: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം. എവേ മത്സരത്തിൽ ഒഡീഷ എഫ്‌സിയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 18 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴും 24 പോയിന്റുള്ള ഒഡീഷ ആറും സ്ഥാനങ്ങളിലാണ്. ഇരുടീമും പ്ലേ ഓഫിൽ  എത്താതെ പുറത്തായിരുന്നു. 

Read more: ഐഎസ്എല്‍: ബംഗളൂരു എഫ്‌സി- എടികെ മത്സരം സമനിലയില്‍

ബ്ലാസ്റ്റേഴ്‌സ് സീസണില്‍ നാല് കളിയിൽ മാത്രമാണ് ജയിച്ചത്. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഒഡീഷയും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. എഫ്‌സി ഗോവ, എടികെ, ബെംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി ടീമുകൾ നേരത്തേ പ്ലേ ഓഫിൽ കടന്നിരുന്നു. 

അടുത്ത സീസണിന് ഒരുമുഴം മുന്‍പേ; മൂന്ന് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിനായി മുന്നൊരുക്കം തുടങ്ങി. മൂന്ന് താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം കരാറിലെത്തി. ജംഷെഡ്പൂരിന്റെ സ്‌പാനിഷ് ഡിഫൻഡർ ടിരി, ഗോൾകീപ്പർമാരായ ആൽബിനോ ഗോമസ്, പ്രഭ്ശുകൻ ഗിൽ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. 

Read more: 'ഏജന്‍റുമാരില്‍ നിന്ന് ഇഷ്‌ഫാഖ് അഹമ്മദ് പണംപറ്റുന്നു'; ആരോപണവുമായി മൈക്കൽ ചോപ്ര; ബ്ലാസ്റ്റേഴ്‌സ് നിയമനടപടിക്ക്

ഇതോടെ മലയാളി ഗോൾകീപ്പർ ടി പി രഹനേഷ് ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് സൂചന. സീസണിൽ രഹനേഷിന്റെ പിഴവുകൾ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായിരുന്നു. പരുക്കേറ്റ് വിശ്രമത്തിലുള്ള ടിരി ജംഷെഡ്പൂരുമായുള്ള കരാർ അവസാനിച്ചാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്.