മഡ്‌ഗാവ്: ഐഎസ്എൽ ആറാം സീസണിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സീസണിലെ മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദ് ലീഗ് പുരസ്‌കാരം എഫ്‌സി ഗോവയുടെ ഹ്യൂഗോ ബൗമസ് ഏറ്റുവാങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ഗോവയെ ജേതാക്കളാക്കിയ മികവിനാണ് അംഗീകാരം.

മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണപാദുകം ചെന്നൈയിന്‍റെ നെറിജസ് വാൽസ്‌കിസ് നേടി. 15 ഗോളാണ് താരം സീസണിൽ നേടിയത്. ബെംഗളുരു എഫ്‌സിയുടെ ഗുര്‍പ്രീത് സിംഗ് സന്ധു മികച്ച ഗോളിക്കുള്ള സുവര്‍ണഗ്ലൗവ് പുരസ്‌കാരം സ്വന്തമാക്കി. എടികെയുടെ പതിനെട്ടുകാരന്‍ സുമിത് ആണ് മികച്ച ഭാവിവാഗ്ദാനം.

ഇത്തവണ എടികെയാണ് ചാമ്പ്യന്‍മാരായത്. ഫൈനലില്‍ ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കൊൽക്കത്തന്‍ ടീം തോൽപ്പിച്ചു. സീസണിലെ ആദ്യ ഗോളിലൂടെ എടികെയെ ഹാവിയര്‍ ഫെര്‍ണാണ്ടസ് 10-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. 48-ാം മിനിറ്റില്‍ എഡു ഗാര്‍സിയ ലീഡുയര്‍ത്തി. എന്നാല്‍ സീസണിലെ 15-ാം ഗോളുമായി വാല്‍സ്‌കിസ് ചെന്നൈയിന് പ്രതീക്ഷ നൽകി. 

ഇഞ്ച്വറി ടൈമിൽ ഹാവിയറിന്‍റെ രണ്ടാം പ്രഹരം 2016ന് ശേഷം ആദ്യമായി ഐഎസ്എൽ കിരീടം കൊൽക്കത്തയിലെത്തിച്ചു. ഐസ്എല്ലില്‍ മൂന്ന് കിരീടം നേടുന്ന ആദ്യ ടീമാണ് എടികെ. ഫൈനലുകളില്‍ ചെന്നൈയിന് ആദ്യ തോൽവിയാണിത്. കിരീടത്തോടെ എടികെയ്‌ക്ക് 2021ലെ എഎഫ്‌സി കപ്പ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിച്ചു. 

Read more: ചെന്നൈയിനെ തകര്‍ത്തു; ഐഎസ്എല്‍ കിരീടം കൊല്‍ക്കത്തയിലേക്ക്