ഫത്തോഡ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ-ബെംഗളൂരു എഫ്‌സി സൂപ്പര്‍ പോരാട്ടം സമനിലയില്‍. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ രണ്ടാം പകുതിയിലെ ശക്തമായ തിരിച്ചുവരവാണ് ഗോവയെ രക്ഷിച്ചത്. ഐഎസ്എല്ലില്‍ ആദ്യ മത്സരം കളിച്ച അന്‍ഗുലോയാണ് രണ്ടാംപകുതിയില്‍ രണ്ട് മിനുറ്റിനിടെ ഗോവയുടെ ഇരു ഗോളും നേടിയത്. ബെംഗളൂരുവിനായി സില്‍വയും യുവനാനും ലക്ഷ്യം കണ്ടു. 

വമ്പന്‍ പോരാട്ടത്തില്‍ യുവാൻ ഫെറാൻഡോ പരിശീലിപ്പിക്കുന്ന ഗോവ 4-2-3-1 ശൈലിയിലും കാ‍ർലെസ് കോഡ്രാറ്റിന്‍റെ ബെംഗളൂരു 3-4-3 ഫോര്‍മേഷനിലുമാണ് ടീമിനെ ഇറക്കിയത്. ബെംഗളൂരു മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനില്‍ അവസരം നല്‍കിയെന്നതും ശ്രദ്ധേയം. 

ഗോവയില്‍ സാംബ താളം

ഗോള്‍മഴ‌ക്ക് പേരുകേട്ട ഫത്തോഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രണ്ടാം മിനുറ്റില്‍ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി ബോക്‌സിന് പുറത്തുനിന്ന് ആദ്യ ഷോട്ടിന് ശ്രമിച്ചു. പിന്നീട് കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചത് ഗോവയാണെങ്കിലും കിട്ടിയ സുവര്‍ണാവസരം മുതലാക്കി ബെംഗളൂരു മുന്നിലെത്തുകയായിരുന്നു. 27-ാംമിനുറ്റില്‍ ലോംഗ് ത്രോയില്‍ നിന്ന് ലഭിച്ച പന്ത് ബ്രസീലിയന്‍ താരം ക്ലെയ്റ്റൻ സില്‍വ ഹെഡറിലൂടെ വലയിലെത്തിച്ചു. 

ആവേശം രണ്ടാംപകുതി

ഡുംഗല്‍, ആഷിഖ് കുരുണിയനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്ക് മുതലാക്കി 57-ാം മിനുറ്റില്‍ ബെംഗളൂരു ലീഡ് ഉയര്‍ത്തി. പാര്‍ത്തലു തലകൊണ്ട് മറിച്ചുനല്‍കിയ പന്തില്‍ സെന്‍ട്രല്‍ ബാക്ക് യുവനാന്‍റെ വകയായിരുന്നു ഗോള്‍. ഏഴാം സീസണില്‍ ഒരു പ്രതിരോധ താരത്തിന്‍റെ ആദ്യ ഗോളാണിത്. ആഷിഖിനെ വീണ്ടും വീഴ്‌ത്തിയതിന് 64-ാം മിനുറ്റില്‍ മറ്റൊരു ഫ്രീകിക്ക്. എന്നാല്‍ സില്‍വയ്‌ക്ക് ഇക്കുറി ലക്ഷ്യം പിഴച്ചു.  

അൻഗുലോ ഇരട്ടച്ചങ്കന്‍

എന്നാല്‍ 66-ാം മിനുറ്റില്‍ എഫ്‌സി ഗോവ തിരിച്ചടിച്ചു. പകരക്കാരനായെത്തി ഫസ്റ്റ് ടച്ചില്‍ നൊകുവേര നല്‍കിയ പാസ് അൻഗുലോ വലയിലിട്ടു. ഐഎസ്എല്ലിലെ  കന്നിയങ്കത്തില്‍ തന്നെ അന്‍ഗുലോയുടെ ആദ്യ ഗോള്‍. രണ്ട് മിനുറ്റുകളുടെ ഇടവേളയില്‍ അന്‍ഗുലോ വീണ്ടും വെടിപൊട്ടിച്ചു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെ ക്രോസില്‍ പന്ത് വയറുകൊണ്ട് അന്‍ഗുലോ ഫിനിഷ് ചെയ്‌തതോടെ സ്‌കോര്‍ 2-2.  

86-ാം മിനുറ്റില്‍ ഛേത്രിക്ക് പകരം മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ കളത്തിലെത്തി. 87-ാം മിനുറ്റില്‍ വിജയ ഗോള്‍ നേടാന്‍ ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോവയ്‌ക്കായി കിക്കെടുത്ത ബ്രാണ്ടന് മതില്‍ ഭേദിക്കാനായില്ല. നാല് മിനുറ്റ് അധികസമയവും ഇരു ടീമിനും ഗോളിലേക്ക് വഴിതുറന്നില്ല. 

അരങ്ങേറ്റ ഗോളുമായി സില്‍വ; ഗോവയ്‌ക്കെതിരെ ബെംഗളൂരു മുന്നില്‍