മഡ്‌ഗാവ്: ഐഎസ്എൽ ഏഴാം സീസണ് നാളെ ഗോവയിൽ തുടക്കമാവും. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. എടികെ, മോഹന്‍ ബഗാനുമായി ലയിച്ചാണ് ഇത്തവണ ഇറങ്ങുന്നത്. ഈസ്റ്റ് ബംഗാളിന്റെയും അരങ്ങേറ്റ ഐഎസ്എൽ സീസണാണിത്. കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിലെ മൂന്ന് വേദികളിലാണ് എല്ലാ കളികളും. 

ബ്ലാസ്റ്റേഴ്‌സിന് പുത്തന്‍ പരീക്ഷണം

കെട്ടും മട്ടും മാറിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഏഴാം സീസണിൽ ഇറങ്ങുന്നത്. പുതിയ കോച്ചും പുതിയ തന്ത്രങ്ങളും പുതിയ കളിക്കാരും. ഐഎസ്എല്ലിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത് മൂന്ന് ക്യാപ്റ്റൻമാരുമായാണ് എന്നതും സവിശേഷതയാണ്. 

ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടും മുൻപ് ബ്ലാസ്റ്റേഴ്‌സിനെ നയിക്കാൻ മൂന്ന് നായകൻമാരെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് കിബു വികൂന. സ്‌പാനിഷ് താരം സെർജിയോ സി‍ഡോഞ്ച, സിംബാബ്‍വേ ഡിഫൻഡർ കോസ്റ്റ നമോയ്നേസു, ഇന്ത്യൻ താരം ജെസ്സെൽ കാർണെയ്റോ എന്നിവരാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനെ നയിക്കുക. മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ബാർത്തലോമിയോ ഒഗ്ബചേ ആയിരുന്നു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകൻ. 

അഞ്ച് നായകരുമായി എടികെ മോഹന്‍ ബഗാന്‍

വ്യക്തികളെക്കാൾ കെട്ടുറപ്പുള്ള ടീമിനെയാണ് താൻ ലക്ഷ്യമിടുന്നതന്നെ സന്ദേശമാണ് മൂന്ന് നായകൻമാരെ നിയമിച്ച് കോച്ച് കിബു വികൂന നൽകുന്നത്. നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാൻ കോച്ച് അന്റോണിയോ ഹബാസ് കഴിഞ്ഞയാഴ്ച ടീമിന് അഞ്ച് നായകൻമാരെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സും വ്യത്യസ്ത നായകൻമാരെ പരീക്ഷിക്കുന്നത്. ഓരോ മത്സരത്തിലും കോച്ച് നിശ്ചയിക്കുന്ന താരമായിരിക്കും ക്യാപ്റ്റന്റെ ആംബാൻഡ് അണിയുക.  

മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയാണ് കിബു വികൂന ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റത്. ഐഎസ്എൽ അരങ്ങേറ്റത്തിൽ വികൂനയുടെ ആദ്യ എതിരാളികളും ബഗാനാണെന്നതും കൗതുകം.

ബെല്‍ജിയവും ഇറ്റലിയും സെമിയില്‍; ജയിച്ചിട്ടും നെതർലൻഡ്‌സിന് നിരാശ