മഡ്‌ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ ഉദ്ഘാടന മത്സരത്തിന് ഒരു സവിശേഷതയുണ്ട്. മുൻ ക്യാപ്റ്റൻ സന്ദേശ് ജിംഗാനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ഐഎസ്എല്ലിൽ ജിംഗാൻ മറ്റൊരു ടീമിനുവേണ്ടി കളിക്കുന്നത് ഇതാദ്യം.

ഐഎസ്എല്ലിന്‍റെ ആറ് സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖമായിരുന്നു സന്ദേശ് ജിംഗാൻ. അരങ്ങേറ്റ സീസണിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ജിംഗാൻ പിന്നീട് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകമായി. കളിമികവിനേക്കാൾ ഹൃദയംകൊണ്ട് പന്തുതട്ടിയ ജിംഗാൻ ആരാധകരുടെ പ്രിയതാരമായത് വളരെ പെട്ടെന്നായിരുന്നു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ നായകപദവിയും ജിംഗാനെ തേടിയെത്തി. 

ഐഎസ്എല്‍: കണക്കിലെ കരുത്തര്‍ എടികെയോ ബ്ലാസ്റ്റേഴ്‌സോ?https://www.asianetnews.com/football-sports/isl-2020-21-kerala-blasters-vs-atk-mohun-bagan-head-to-head-qk2up1

ഇരുപത്തിയൊന്നാം നമ്പർ ജഴ്സിയിൽ ഇറങ്ങിയപ്പോഴൊക്കെ അവസാന ശ്വാസം വരെ ബ്ലാസ്റ്റോഴ്സിനായി പോരാടി. ഇതുകൊണ്ടുതന്നെ ഈ സീസണിൽ ജിംഗാൻ ടീം വിട്ടപ്പോൾ ഇരുപത്തിയൊന്നാം നമ്പർ ജഴ്സിയും ബ്ലാസ്റ്റേഴ്സ് എന്നെന്നേക്കുമായി മുൻതാരത്തിനായി മാറ്റിവച്ചു. ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരവും ജിംഗാനാണ്. 78 മത്സരങ്ങളിലാണ് ജിംഗാൻ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്.

പരുക്ക് കാരണം ജിംഗാന് കഴിഞ്ഞ സീസണിൽ ഒറ്റ മത്സരത്തിലും ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ കഴിഞ്ഞിരുന്നില്ല. ബ്ലാസ്റ്റേഴ്സ് വിട്ട് വിദേശ ക്ലബുമായി കരാറിന് ശ്രമിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ജിംഗാൻ എടികെ മോഹൻ ബഗാനുമായി കരാറിൽ എത്തുകയായിരുന്നു. അഞ്ച് വർഷ കരാറിനാണ് കൊൽക്കത്തൻ ടീം ജിംഗാനെ പ്രതിരോധ നിരയിൽ എത്തിച്ചിരിക്കുന്നത്. 2015ൽ ഇന്ത്യൻ ടീമിലെത്തിയ ജിംഗാൻ 36 മത്സരങ്ങളിൽ ദേശീയ ജഴ്സിയണിഞ്ഞു.  

'സൂപ്പര്‍ ഹൂപ്പര്‍' ആക്രമണം നയിക്കും; മുന്നില്‍ കുതിക്കാന്‍ കരുത്തുണ്ടോ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയ്‌ക്ക്