മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണ്‍ കിക്കോഫില്‍ എടികെ മോഹന്‍ ബഗാനെതിരെ ഇറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉന്നമിടുന്നത് കഴിഞ്ഞ സീസണിലെ മുന്‍തൂക്കം ആവര്‍ത്തിക്കാന്‍. കഴിഞ്ഞ സീസണിൽ എടികെയെ രണ്ട് തവണ തോൽപിച്ച ഏക ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയതും ഇതേ ടീമുകളായിരുന്നു.

ചെന്നൈയിന്‍ എഫ്‌സിയെ വീഴ്‌ത്തി മൂന്നാം ഐഎസ്‌എൽ കിരീടം നേടിയ എടികെ കഴിഞ്ഞ സീസണിൽ ആകെ തോറ്റത് അഞ്ച് കളിയിൽ മാത്രം. കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് കൊൽക്കത്തൻ സംഘത്തെ വീഴ്‌ത്തി. കൊൽക്കത്തയിൽ മുഖാമുഖം വന്നപ്പോഴും ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നു. അന്ന് ഒറ്റഗോളിനായിരുന്നു വിജയം. കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിലും എടികെയെ തോൽപിച്ച ഏക ടീമും ബ്ലാസ്റ്റേഴ്സാണ്. ഗോവയും ചെന്നൈയിനും ബെംഗളൂരു എഫ്സിയും ഓരോ തവണയും എടികെയെ പരാജയപ്പെടുത്തി. 

എടികെ മോഹൻ ബഗാൻ ശക്തര്‍, നേരിടാന്‍ ബ്ലാസ്റ്റേഴ്‌സ് സജ്ജം: കിബു വികൂന

ഇത്തവണയും ഉദ്ഘാടന മത്സരത്തിൽ നേർക്കുനേർ വരുമ്പോൾ കഴിഞ്ഞ സീണണിലെ ഇരട്ടപ്രഹരത്തിന് പകരം വീട്ടുകയാവും അന്റോണിയോ ഹബാസിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഐ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാനുമായി ലയിച്ച് എത്തുന്ന എടികെയുടെ കരുത്തിന് ഒട്ടും കുറവില്ല. 

ഗോളടിയില്‍ ഒരുപടി മുന്നില്‍ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സ് രണ്ടുതവണ ഫൈനലിൽ എത്തിയപ്പോഴും കാലിടറിയത് കൊൽക്കത്തൻ ടീമിന് മുന്നിലാണ്. ഐഎസ്എൽ നേർക്കുനേർ കണക്കുകളിൽ എടികെ മോഹൻ ബഗാൻ ഒരുപടി മുന്നിൽ. ആകെ ഏറ്റുമുട്ടിയത് പതിനാല് കളിയിൽ. എടികെ മോഹൻ ബഗാൻ അ‍ഞ്ചിലും കേരള ബ്ലാസ്റ്റേഴ്സ് നാലിലും ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഗോൾവേട്ടയിൽ ബ്ലാസ്റ്റേഴ്സാണ് ഒരടി മുന്നിൽ. പതിനാല് കളിയിൽ ബ്ലാസ്റ്റേഴ്സ് നേടിയത് 16 ഗോൾ. കൊൽക്കത്തൻ ടീമിനൊപ്പമുള്ളത് പതിനഞ്ച് ഗോളും.

'സൂപ്പര്‍ ഹൂപ്പര്‍' ആക്രമണം നയിക്കും; മുന്നില്‍ കുതിക്കാന്‍ കരുത്തുണ്ടോ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയ്‌ക്ക്