15 പോയിന്‍റുള്ള എടികെ ബഗാൾ നാലും 13 പോയിന്‍റുള്ള ഒഡിഷ ഏഴും സ്ഥാനത്താണ്

മഡ്‌ഗോവ: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. എടികെ മോഹൻ ബഗാൻ (ATK Mohun Bagan) വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ഒഡിഷയെ (Odisha FC) നേരിടും. രാത്രി ഒൻപതരയ്ക്ക് എഫ്‌സി ഗോവ (FC Goa), ചെന്നൈയിന്‍ എഫ്‌സിയുമായി (Chennaiyin FC) ഏറ്റുമുട്ടും. 15 പോയിന്‍റുള്ള എടികെ ബഗാൾ നാലും 13 പോയിന്‍റുള്ള ഒഡിഷ ഏഴും സ്ഥാനത്താണ്. ചെന്നൈയിൽ 14 പോയിന്‍റുമായി ആറും ഗോവ 9 പോയിന്‍റുമായി ഒൻപതും സ്ഥാനങ്ങളിലാണ്. 

മുംബൈക്ക് കുരുക്കിട്ട് ഈസ്റ്റ് ബംഗാൾ

ഐഎസ്എല്ലില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റിക്ക് ഇന്നലത്തെ പോരാട്ടത്തില്‍ സമനിലക്കുരുക്ക്. അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ ആണ് മുംബൈയെ സമനിലയിൽ തളച്ചത്. ഇരു ടീമിനും ഗോള്‍ നേടാനായില്ല. ഒഡിഷ വിട്ട് മുംബൈയിലെത്തിയ വിനീത് റായ് രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. 10 കളിയിൽ 17 പോയിന്‍റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 6 പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ സീസണിൽ ഒരു കളി പോലും ഇതുവരെ ജയിച്ചിട്ടില്ല. 

പുരസ്‌കാരത്തിന് ലൂണയും 

പത്താം ആഴ്‌ചയിലെ മികച്ച ഗോളിനുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയൻ ലൂണയും. എഫ്‌സി ഗോവയ്ക്കെതിരെ നേടിയ ലോംഗ് റേഞ്ചര്‍ ഗോളാണ് അഡ്രിയൻ ലൂണയെ മികച്ച ഗോളിനുള്ള മത്സരാർഥിയാക്കിയത്. ഇതേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ഗോളുമായി ഗോവയുടെ എഡു ബെഡിയയും മത്സരിക്കാനുണ്ട്. എടികെ മോഹൻ ബഗാന്‍റെ ഡേവിഡ് വില്യംസ്, മുംബൈ സിറ്റിയുടെ അഹമ്മദ് ജാഹു, ഒഡിഷയുടെ ജെറി മാവിംഗ്താംഗ എന്നിവരാണ് മത്സരത്തിലുള്ള മറ്റ് മൂന്ന് താരങ്ങൾ. ആരാധകർ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ തിരഞ്ഞെടുക്കുക.

FIFA The Best : മെസി, സലാ, ലെവന്‍ഡോവ്സ്‌കി; ഫിഫ ദി ബെസ്റ്റില്‍ സൂപ്പര്‍പ്പോരാട്ടം