ആര്‍ക്കും തടുക്കാനാകാതെ ഓഗ്ബച്ചേയുടെ ഗോള്‍വര്‍ഷമായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ വലയിൽ കണ്ടത് 

വാസ്‌കോ ഡ ഗാമ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League) ഹൈദരാബാദ് എഫ്‌സി (Hyderabad FC) സ്ട്രൈക്കര്‍ ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെക്ക് (Bartholomew Ogbeche) അപൂര്‍വ്വ നേട്ടം. ഐഎസ്എല്ലിൽ (ISL) മൂന്ന് ക്ലബുകളുടെ ടോപ്സ്കോറര്‍ എന്ന നേട്ടമാണ് നൈജീരിയന്‍ താരം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെതിരായ (SC East Bengal) ഹാട്രിക്കോടെയാണ് നേട്ടം.

ക്ലബുകള്‍ മാറിയാലും ഒഗ്‌ബെച്ചെക്ക് മാറ്റമില്ല. ഈസ്റ്റ് ബംഗാളിനെതിരെ ഹാട്രിക്ക് തികച്ചതോടെ ഹൈദരാബാദ് എഫ്സിയുടെ ടോപ്സ്കോററായി നൈജീരിയന്‍ താരം. 11 കളിയിൽ 12 ഗോളുകളുമായി 37കാരന്‍ സ്ട്രൈക്കര്‍ മറികടന്നത് 10 ഗോളടിച്ച സന്‍റാനയുടെ റെക്കോര്‍ഡ്. ഇയാന്‍ ഹ്യൂമിന് ശേഷം ലീഗില്‍ മൂന്ന് ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഒഗ്‌ബെച്ചെയുടെ പേരിലായി. ഒഗ്‌ബെച്ചെയുടെ ഹാട്രിക്കുകള്‍ മൂന്ന് വ്യത്യസ്ത ക്ലബുകളിലെന്ന പ്രത്യേകയുമുണ്ട്.

2018 ഒക്‌ടോബറില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെ ഐഎസ്എല്ലിലെത്തിയ ഒഗ്‌ബെച്ചെയുടെ ആദ്യ ഹാട്രിക് ചെന്നൈയിനെതിരെയായിരുന്നു. 18 കളിയില്‍ 12 ഗോളുമായി നോര്‍ത്ത് ഈസ്റ്റിന്‍റെ ടോപ് സ്‌കോററായി. 2019ല്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരം 16 കളിയില്‍ 15 ഗോളുമായി മഞ്ഞപ്പടയിലും ടോപ് സ്കോറര്‍ നേട്ടം പേരിലാക്കി. മുംബൈ സിറ്റി ജഴ്‌സിയില്‍ എട്ട് ഗോളും ഒഗ്‌ബെച്ചെ നേടിയിട്ടുണ്ട്. 

ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയുടെ ഹാട്രിക്കില്‍ ഈസ്റ്റ് ബംഗാളിനെതിരായ ജയത്തോടെ ഹൈദരാബാദ് എഫ്‌സി പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. സീസണിലെ 12-ാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത നാല് ഗോളിന് ഹൈദരാബാദ് തകര്‍ക്കുകയായിരുന്നു. 21, 44, 74 മിനുറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ മിന്നും ഗോളുകള്‍. 

ISL 2021-22 : ശക്തമായ തിരിച്ചുവരവിന് മുംബൈ സിറ്റി; മുഖംമിനുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്