15 കളിയിൽ 26 പോയിന്‍റുള്ള ഹൈദരാബാദ് ഒന്നും 23 പോയിന്‍റുള്ള ബെംഗളൂരു മൂന്നും സ്ഥാനത്താണ്
പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) ബെംഗളൂരു എഫ്‌സി (Bengaluru FC) ഇന്ന് ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരായ സുനിൽ ഛേത്രിയും (Sunil Chhetri) ബാർത്തലോമിയോ ഒഗ്ബചേയും (Bartholomew Ogbeche) നേർക്കുനേർ വരുന്ന മത്സരം എന്നതാണ് ഏറ്റവും സവിശേഷത.
ജയത്തിനൊപ്പം ഐഎസ്എല്ലിൽ 50 ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടവും ബെംഗളൂരു നായകൻ ഛേത്രിയും ഹൈദരാബാദ് സ്ട്രൈക്കർ ഒഗ്ബചേയും ലക്ഷ്യമിടുന്നു. നാൽപ്പത്തിയൊൻപത് ഗോളുമായി ഒപ്പത്തിനൊപ്പമാണിപ്പോൾ ഛേത്രിയും ഒഗ്ബചേയും. ഛേത്രി 109 കളിയിൽ 49 ഗോൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുൻ നായകൻ കൂടിയായ നൈജീരിയൻ താരത്തിന് ഈ നേട്ടത്തിലെത്താൻ 71 മത്സരമേ വേണ്ടിവന്നുളളൂ.
ഛേത്രിക്കൊപ്പം റോഷൻ സിംഗും ക്ലെയ്റ്റൻ സിൽവയും കൂടി ചേരുമ്പോൾ ഹൈദരാബാദ് പ്രതിരോധം തകർക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ നേരിട്ട ഒറ്റ ഗോൾ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് അവസാന ഒൻപത് കളിയിൽ തോൽവി അറിയാത്ത ഛേത്രിക്കും സംഘത്തിനും.
15 കളിയിൽ 26 പോയിന്‍റുള്ള ഹൈദരാബാദ് ഒന്നും 23 പോയിന്‍റുള്ള ബെംഗളൂരു മൂന്നും സ്ഥാനത്താണ്. 34 തവണ എതിരാളികളുടെ വലയിൽ പന്തെത്തിച്ച ഹൈദരാബാദാണ് സീസണിൽ ഏറ്റവും കുടുതൽ ഗോൾ നേടിയ ടീം. ബെംഗളൂരു ആകെ നേടിയത് ഇരുപത്തിയേഴ് ഗോളും. 14 ഗോൾ നേടിയ ഒഗ്ബചേ ടോപ്സ്കോറർമാരുടെ പട്ടികയിൽ ബഹുദൂരം മുന്നിലുണ്ട്. ഹൈദരാബാദും ബെംഗളൂരുവും ഏറ്റുമുട്ടിയത് അഞ്ച് കളിയിലെങ്കില്‍ ഇരു ടീമിനും ഓരോ ജയം വീതമാണുള്ളത്. മൂന്ന് കളി സമനിലയിൽ അവസാനിച്ചു.
ISL 2021-22 : എന്തുകൊണ്ട് തോറ്റു? മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്
