മത്സരത്തിന് കിക്കോഫാകുമ്പോള്‍ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ 12 മത്സരങ്ങളില്‍ 18 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി

മഡ്‍ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ (NorthEast United FC) ജയത്തോടെ പോയിന്‍റ് പട്ടികയില്‍ കുതിച്ചെത്തി ചെന്നൈയിന്‍ എഫ്സി (Chennaiyin FC). ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിനിന്‍റെ വിജയം. 35-ാം മിനുറ്റില്‍ ലാല്‍ദന്‍മാവിയയിലൂടെ നോർത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ബോറീസ്യൂക്കും(52) കോമനും (58) ആറ് മിനുറ്റിനിടെ വല ചലിപ്പിച്ചപ്പോള്‍ ചെന്നൈയിന്‍ ജയത്തിലെത്തി. 

മത്സരത്തിന് കിക്കോഫാകുമ്പോള്‍ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ 12 മത്സരങ്ങളില്‍ 18 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. സീസണില്‍ ചെന്നൈയിന്‍റെ അഞ്ചാം ജയമാണിത്. അതേസമയം ഒന്‍പത് പോയിന്‍റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. നോർത്ത് ഈസ്റ്റിന്‍റെ എട്ടാം തോല്‍വിയാണിത്. 20 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒന്നാംസ്ഥാനത്ത്. 19 പോയിന്‍റുള്ള ജംഷഡ്‍പൂർ എഫ്സി രണ്ടാമതും തുടരുന്നു. 

മഞ്ഞപ്പടയ്ക്ക് സന്തോഷം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർ‍ത്തയുണ്ട്. ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിക്കുകയാണ്. കോച്ച് ഇവാൻ വുകോമനോവിച്ച് പരിശീലന ഗ്രൗണ്ടിൽ ഇരിക്കുന്ന ചിത്രത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒഡിഷയ്ക്കെതിരായ ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ഇതുവരെ പരിശീലനം നടത്തിയിരുന്നില്ല. ടീമിലെ നിരവധി താരങ്ങൾ കൊവിഡ് ബാധിതരായതോടെ അവസാന രണ്ട് മത്സരങ്ങൾ മാറ്റിവച്ചിരുന്നു. 

SA vs IND : ദക്ഷിണാഫ്രിക്കയെ വിലകുറച്ചുകണ്ടു, ഇന്ത്യയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം; ആഞ്ഞടിച്ച് താഹിർ