അവസാന മത്സരത്തിൽ തോറ്റതിന്‍റെ തിരിച്ചടി മറക്കാനാണ് ചെന്നൈയിനും ഒഡിഷയും വരുന്നത്

മഡ്‌ഗാവ്: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് രണ്ട് മത്സരങ്ങള്‍. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി, ഒഡിഷയെ (Chennaiyin Fc vs Odisha Fc) നേരിടും. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാത്രി 9.30ന് എഫ്‌സി ഗോവ, ഹൈദരാബാദുമായി (Fc Goa vs Hyderabad Fc) ഏറ്റുമുട്ടും. 

അവസാന മത്സരത്തിൽ തോറ്റതിന്‍റെ തിരിച്ചടി മറക്കാനാണ് ചെന്നൈയിനും ഒഡിഷയും വരുന്നത്. തോൽവിയറിയാതെ മുന്നേറിയ ചെന്നൈയിൻ വീണത് മുംബൈ സിറ്റിക്ക് മുന്നിൽ. ജംഷഡ്‌പൂരിനോട് എതിരില്ലാത്ത നാല് ഗോളിനാണ് ഒഡിഷ തോറ്റത്. ജയിച്ചാൽ ആദ്യ മൂന്നിലെത്താം ചെന്നൈയ്ക്ക്. ഒഡിഷയ്ക്ക് ജയിച്ചാൽ രണ്ടാം സ്ഥാനത്തേക്കുയരാം. അവസരങ്ങൾ തിരമാലപോലെ വരുന്നുണ്ടെങ്കിലും ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് ചെന്നൈയിൻ കോച്ച് ബാൻഡോവിച്ചിന്‍റെ തലവേദന. ടൂർണമെന്‍റിലെ ഏറ്റവും മികച്ച പ്രതിരോധപ്പടയും ചെന്നൈയിനാണ്.

അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാനുള്ള മിടുക്കുണ്ട് ഒഡിഷയ്ക്ക്. കബ്രേറയും ഹാവി ഹെർണാണ്ടസുമൊക്കെ മികച്ച ഫോമിൽ. 

തുടർജയങ്ങളുമായി ഫോമിലേക്ക് തിരികെയെത്തിയ എഫ്‌സി ഗോവയ്ക്ക് കരുത്തരായ ഹൈദരാബാദിനെയാണ് നേരിടേണ്ടത്. ഗോവ ഏറെ ആശ്രയിക്കുന്ന ഹോർഗെ ഓർട്ടിസിന് സസ്പെൻഷൻ കാരണം മത്സരം നഷ്‌ടമാകും. അഞ്ച് കളിയിൽ മൂന്ന് അസിസ്റ്റും ഒരു ഗോളും നേടിയ ഹോർഗെ ഓർട്ടിസിന്‍റെ അഭാവം ഗോവയ്ക്ക് കനത്ത തിരിച്ചടിയാകും. ടൂർണമെന്‍റിലെ ഏറ്റവും സന്തുലിതമായ നിരയാണ് ഹൈദരാബാദ്. ആകാശ് മിശ്ര,ആശിഷ് റായ് കൂട്ടുകെട്ടിന്‍റെ പ്രതിരോധവും ഒഗ്ബെച്ചെ നേതൃത്വം നൽകുന്ന ആക്രമണവും ഏത് ടീമിനും വെല്ലുവിളിയാണ്. തുടരെ നാല് കളിയിൽ പരാജയമറിയാതെയാണ് ഹൈദരാബാദ് വരുന്നത്.

Scroll to load tweet…

ഈസ്റ്റ് ബംഗാള്‍ ഇനിയും കാത്തിരിക്കണം

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് വിജയിച്ചു. 60-ാം മിനുറ്റിൽ മലയാളി താരം വി പി സുഹൈറാണ് നോർത്ത് ഈസ്റ്റിന്‍റെ ആദ്യ ഗോൾ നേടിയത്. പാട്രിക് ഫ്ലോട്ട്മാൻ 68-ാം മിനുറ്റിൽ ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ അന്‍റോണിയോ പെറോസേവിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി. സീസണിൽ ഈസ്റ്റ് ബംഗാൾ ഇതുവരെ ഒരു ജയം പോലും നേടിയിട്ടില്ല. ജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

ICC World Test Championship : ഗാബയിലെ തോല്‍വിയുടെ ക്ഷീണം മാറുന്നില്ല; ഇംഗ്ലണ്ടിന് ഐസിസിയുടെ കനത്ത പ്രഹരം