ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കാണാനുള്ള വഴികള്‍ അറിയാം

ഫട്ടോർഡ: ഐഎസ്എല്ലില്‍ (ISL 2021-22) മഞ്ഞപ്പട (Manjappada) ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രിയാണിന്ന്. നാളെ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കലാശപ്പോരിന് മൈതാനത്തിറങ്ങും എന്നതുതന്നെ കാരണം. തെക്കേയിന്ത്യയില്‍ നിന്നുതന്നെയുള്ള ഹൈദരാബാദ് എഫ്‌‌സിയാണ് ( Hyderabad FC) ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ (KBFC) എതിരാളികള്‍. 

ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ തല്‍സമയം കാണാനുള്ള വഴികള്‍ നോക്കാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കാണ് ഇന്ത്യയില്‍ ഐഎസ്എല്ലിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാറും ജിയോ ടിവിയും വഴി മൊബൈലിലും കലാശപ്പോര് തല്‍സമയം കാണാം. ടെലിവിഷനിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വിവിധ ഭാഷകളിലെ കമന്‍ററിയില്‍ മത്സരത്തിന്‍റെ തല്‍സമയ സംപ്രേഷണം ലഭ്യമായിരിക്കും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, ബംഗ്ലാ, കന്നഡ ഭാഷകളില്‍ മത്സരത്തിന്‍റെ സംപ്രേഷണമുണ്ട്. മലയാളത്തില്‍ ഏഷ്യാനെറ്റ് പ്ലസിലൂടെ മത്സരം കാണാം. 

ഐഎസ്എല്ലിൽ നാളെയാണ് കേരള ബ്ലാസ്റ്റേഴിന്‍റെ കിരീടപ്പോരാട്ടം. കരുത്തരായ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ബ്ലാസ്റ്റേഴ്‌സ് സെമിയിൽ ജംഷഡ്‌പൂരിനെയും ഹൈദരാബാദ്, എടികെ മോഹൻ ബഗാനെയുമാണ് തോൽപിച്ചത്. 

ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.

സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ ജയിച്ചു.

ISL 2021-22 : പരിക്കേറ്റ സഹലിനായി കിരീടമുയര്‍ത്തണം; ഫൈനലിന് മുമ്പ് ഇഷ്‌ഫാഖ് അഹമ്മദ്