സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തലവര മാറ്റിയ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ഇനിയും മാറ്റങ്ങള്‍ വരുത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
മഡ്‌ഗാവ്: ഐഎസ്എൽ (ISL) ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) ഇത്തവണ സെമിഫൈനലിൽ എത്തിയത്. കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ (Ivan Vukomanovic) തന്ത്രങ്ങളുടെ മികവിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്‍റെ (KBFC) കുതിപ്പ്.
ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെ. കഴിഞ്ഞ സീസണുകളിലെല്ലാം തുടർ തോൽവികളുമായി പോയിന്‍റ് പട്ടികയിലെ അവസാനക്കാരായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എട്ടാം സീസണിലെ തുടക്കം കണ്ടപ്പോൾ ആരാധകർ ശേഷിച്ച പ്രതീക്ഷയും കൈവിട്ടു. എന്നാൽ പുതിയ പരിശീലകന്‍ കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ പ്രായോഗിക തന്ത്രങ്ങൾ എല്ലാവരേയും അമ്പരപ്പിച്ചു.
ആദ്യ ഘട്ടം പൂർത്തിയാവുമ്പോൾ എതിരാളികള്‍ക്ക് തോൽപിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമുകളിലൊന്നായി ബ്ലാസ്റ്റേഴ്സ്. ഇരുപത് കളിയിൽ തോറ്റത് നാല് തവണ മാത്രം. ഏഴ് സമനിലയും ഒൻപത് ജയവും ലീഗ് ഘട്ടത്തിലെ മാറ്ററിയിക്കുന്നു. ഇരുപത്തിനാല് ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 34 ഗോൾ വലയിലിട്ടു. സ്വന്തമാക്കിയത് 34 പോയിന്‍റ്. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഉയർന്ന പോയിന്‍റും ഗോളുകളുമാണിത്. ഇതുകൊണ്ടുതന്നെയാണ് 2016ന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയതും.
തലവര മാറ്റിയ ഇവാന്‍ ഇനിയും മാറ്റും, പ്രതീക്ഷയോടെ മഞ്ഞപ്പട
ഈ സീസണിൽ തുടർച്ചയായ 10 കളിയിൽ തോൽവി അറിയാതെ പുതിയ റെക്കോർഡ് കുറിച്ച ബ്ലാസ്റ്റേഴ്‌സ് ഇതിന് മുൻപ് രണ്ട് തവണ സെമിയിലെത്തിയിട്ടുണ്ട്. രണ്ട് തവണയും ഫൈനലിലേക്ക് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് എടികെയ്ക്ക് മുന്നിൽ തലകുനിച്ചു. വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ ഇത്തവണ ഇതിനെല്ലാം പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
ഐഎസ്എല്ലില്‍ സീസണിലെ അവസാന ലീഗ് മത്സരത്തില്‍ അടിക്കും തിരിച്ചടിക്കുമൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആവേശ സമനില (4-4) സ്വന്തമാക്കിയിരുന്നു. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്ന മഞ്ഞപ്പടയെ രണ്ടാംപകുതിയിലെ നാലടിയില്‍ എഫ്‌സി ഗോവ വിറപ്പിച്ചെങ്കിലും അവസാന മിനുറ്റുകളിലെ അവിശ്വസനീയ തിരിച്ചുവരവില്‍ സമനില സ്വന്തമാക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഗോവയുടെ കബ്രേര ഹാട്രിക് തികച്ചപ്പോള്‍ ഇരു ടീമും മത്സരത്തില്‍ നാല് ഗോള്‍ വീതം നേടി.
