ISL 2021-22 : സീസണില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ലീഡ് നേടി ജംഷഡ്‌പൂര്‍ എഫ്‌സി

പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) ഒന്നാംസ്ഥാനക്കാരായ ജംഷഡ്‌പൂര്‍ എഫ്‌സിയുടെ (Jamshedpur FC) ഗോള്‍മഴ. ഒഡിഷ എഫ്‌സിയെ (Odisha FC) ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടരുകയാണ് ജംഷഡ്‌പൂര്‍. ജംഷഡ്‌പൂരിനായി ഡാനിയേല്‍ ചിമ (Daniel Chima Chukwa) ഇരട്ട ഗോള്‍ നേടി. 

സീസണില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ലീഡ് നേടുകയായിരുന്നു ജംഷഡ്‌പൂര്‍ എഫ്‌സി. മത്സരത്തിലെ ആദ്യപകുതിയില്‍ മൂന്ന് മിനുറ്റിനിടെ ചിമ നേടിയ ഇരട്ടഗോളുകള്‍ ജംഷഡ്‌പൂരിന് ലീഡ് സമ്മാനിച്ചു. 23, 26 മിനുറ്റുകളിലാണ് ചിമ ഗോള്‍വലയെ ചുംബിച്ചത്. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ പോള്‍ ഒഡിഷയ്‌ക്കായി ഗോള്‍ മടക്കി. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ ജംഷഡ്‌പൂര്‍ 2, ഒഡിഷ 1. 

രണ്ടാംപകുതിയില്‍ സമ്പൂര്‍ണ മേധാവിത്വവുമായി തകര്‍പ്പന്‍ ജയം ജംഷഡ്‌പൂര്‍ പിടിച്ചെത്തു. റിത്വിക് ദാസ് 54-ാം മിനുറ്റിലും ജോര്‍ജാന്‍ മുറെ 71-ാം മിനുറ്റിലും ഇഷാന്‍ പണ്ഡിത 87-ാം മിനുറ്റിലും ലക്ഷ്യം കണ്ടപ്പോള്‍ ഒഡിഷയ്‌ക്ക് മറുപടിയുണ്ടായില്ല. ഇതിനിടെ 73-ാം മിനുറ്റില്‍ ജൊനാതാസ് ഡി ജീസസ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ഒഡിഷയ്‌ക്ക് പ്രഹരമായി. 

Scroll to load tweet…

ജയക്കുതിപ്പ് തുടരുന്ന ജംഷഡ്‌പൂര്‍ എഫ്‌സി 19 മത്സരങ്ങളില്‍ 40 പോയിന്‍റുമായി പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. ജംഷഡ്‌പൂരിന് പുറമെ 37 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനും 35 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയുമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. സെമിയിലെത്തുന്ന നാലാം ടീമാകാന്‍ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിലാണ് അവസാന ലാപ്പില്‍ പോരാട്ടം. ബ്ലാസ്റ്റേഴ്‌സിന് 33 ഉം മുംബൈക്ക് 31 പോയിന്‍റാണ് ഉള്ളത്. അവശേഷിക്കുന്നത് ഓരോ മത്സരവും. 

Shane Warne passed away : ഇന്ത്യ-ഓസീസ് അല്ല, സച്ചിന്‍-വോണ്‍! ഓര്‍മ്മകളുടെ ക്രീസിലേക്ക് ആ പോരുകാലം