ഐഎസ്എൽ ആദ്യപാദ സെമിഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ഗോളില്‍ വിജയിക്കുകയായിരുന്നു

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ജംഷഡ്‌പൂരിനെതിരായ (Jamshedpur FC) ഗോളോടെ സഹൽ അബ്‌ദുല്‍ സമദിന് (Sahal Abdul Samad) നേട്ടം. കേരള ബ്ലാസ്റ്റേഴ്സിനായി (Kerala Blasters) ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമായി സഹല്‍. 13 ഗോളുമായി ഇയാൻ ഹ്യൂമിനൊപ്പമാണ് സഹൽ മൂന്നാം സ്ഥാനത്തുള്ളത്. 12 ഗോൾ നേടിയ അഡ്രിയൻ ലൂണയെ (Adrian Luna) മറികടന്നാണ് സഹലിന്‍റെ മുന്നേറ്റം. 16 ഗോൾ നേടിയ ബെര്‍ത്തലോമ്യു ഒഗ്ബചേയും (Bartholomew Ogbeche) 14 ഗോൾ നേടിയ സി കെ വിനീതുമാണ് (C K Vineeth) ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ഐഎസ്എൽ ആദ്യപാദ സെമിഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ഗോളില്‍ വിജയിക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്‌പൂരിനെ മഞ്ഞപ്പട തോൽപിച്ചത്.

ലീഗ് ചാമ്പ്യൻമാരെ ഞെട്ടിച്ച് മുപ്പത്തിയെട്ടാം മിനിറ്റിലാണ് സഹൽ അബ്‌ദുല്‍ സമദ് ബ്ലാസ്റ്റേഴ്‌സിന് നിർണായക ലീഡ് സമ്മാനിച്ചത്. അൽവാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റിൽ നിന്നായിരുന്നു സീസണിൽ സഹലിന്‍റെ ആറാം ഗോൾ. അഡ്രിയൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തിയെന്ന് തോന്നിച്ചെങ്കിലും പോസ്റ്റ് തടസ്സമായി. തിരിച്ചടിക്കാൻ ജംഷെഡ്‌പൂർ കിണഞ്ഞ് ശ്രമിച്ചു. ഡാനിയേൽ ചിമയും ഇഷാൻ പണ്ഡിതയും ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിയില്ല.

സീസണിലെ രണ്ട് മുന്‍ മത്സരങ്ങളിലും നിരാശ തന്ന ജംഷഡ്‌പൂരിന് തിരിച്ചടി നല്‍കാന്‍ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിനായി. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ജംഷഡ്‌പൂരിനോട് തോറ്റിരുന്നു. ഇന്നലത്തെ ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മാനസിക ആധിപത്യമായി. ചൊവ്വാഴ്‌ചത്തെ രണ്ടാംപാദ സെമിയിൽ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് മൂന്നാം ഫൈനൽ ഉറപ്പിക്കാം. ആദ്യ കിരീടത്തിനായി പൊരുതുന്ന ബ്ലാസ്റ്റേഴ്സ് 2014ലും 2016ലും ഫൈനലിൽ എത്തിയിരുന്നു.

Scroll to load tweet…
Scroll to load tweet…

ISL 2021-22 : ഇവര്‍ തിളങ്ങിയാല്‍ ജംഷഡ്‌പൂര്‍ തരിപ്പണം; കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം ഈ താരങ്ങള്‍