ജംഷഡ്‌പൂരിനെതിരെ മഞ്ഞപ്പടയില്‍ നിര്‍ണായകമായേക്കുന്ന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ചില്ലറ കളിയല്ല ഇന്ന് ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ സെമി ആദ്യപാദം (Jamshedpur FC vs Kerala Blasters). സീസണില്‍ ലീഗ് ഘട്ടത്തിലെ രാജാക്കന്‍മാരായി ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്‌പൂര്‍ ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളിയാവും. എന്നിരുന്നാലും സീസണില്‍ വിസ്‌മയക്കുതിപ്പ് നടത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്‍പിച്ചാണ് മൈതാനത്തെത്തുന്നത്. മഞ്ഞപ്പടയില്‍ നിര്‍ണായകമായേക്കുന്ന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
അഡ്രിയാന്‍ ലൂണ, പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വസ്... ഈ മൂന്ന് വിദേശ താരങ്ങളുടെ കരുത്തായിരുന്നു മറ്റ് സീസണുകളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ ഇക്കുറി വേറിട്ടതാക്കിയത്. ഏറ്റവും മികച്ചത് ആരെന്നറിയാന്‍ മൂന്ന് പേരും തമ്മില്‍ ടീമിനുള്ളില്‍ തന്നെ കിടമത്സരം നടക്കുന്നു. ഇവര്‍ക്കൊപ്പം മധ്യനിര താരം സഹല്‍ അബ്‌ദുല്‍ സമദും ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുകട്ടിയാവും. രണ്ട് മത്സരത്തിലെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രതിരോധതാരം ഹര്‍മന്‍ജോത് ഖബ്രയാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇന്ന് ശ്രദ്ധേയനായ മറ്റൊരു താരം. ഗോളി പ്രഭ്‌സുഖാന്‍ ഗില്ലിന്‍റെ പ്രകടനവും ആകാംക്ഷയാണ്.
ഗോവയില്‍ വൈകീട്ട് ഏഴരയ്ക്കാണ് ജംഷഡ്‌പൂര്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപാദ സെമി. നിരാശാജനകമായ സീസണുകള്‍ക്ക് ശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴില്‍ തിളങ്ങിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വരവ്. സീസണില്‍ 20 മത്സരങ്ങളില്‍ 9 ജയവും 7 സമനിലയുമായി 34 പോയിന്‍റോടെ നാലാം സ്ഥാനക്കാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയത്. അതേസമയം ഇരുപതില്‍ 13 മത്സരങ്ങളും ജയിച്ച് 43 പോയിന്‍റുമായി ഷീല്‍ഡ് ജംഷഡ്‌പൂര്‍ എഫ്‌സി സ്വന്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ജംഷഡ്‌പൂരിനെ കീഴടക്കുക ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.
മുന്‍ ചരിത്രം
ഐഎസ്എല്ലില്‍ 10 മത്സരങ്ങളിലാണ് മുമ്പ് ജംഷഡ്‌പൂര്‍ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം ജയിച്ചപ്പോള്‍ മൂന്ന് കളികളില്‍ പുഞ്ചിരി ജംഷഡ്‌പൂരിനൊപ്പം നിന്നു. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു എന്നതാണ് ശ്രദ്ധേയം. ഈ സീസണിലാവട്ടെ നേര്‍ക്കുനേര്‍ വന്നപ്പോഴും ജംഷഡ്‌പൂരിന് മേധാവിത്വമുണ്ട്. ആദ്യമത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു.
