സീസണിലെ ആദ്യപാദ മത്സരത്തിൽ ഇരു ടീമും ഓരോഗോൾ വീതം നേടി സമനില പാലിച്ചിരുന്നു

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ഈസ്റ്റ് ബംഗാൾ (SC East Bengal) ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ (Jamshedpur FC) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പത്തിൽ ആറിലും സമനില വഴങ്ങിയ ഈസ്റ്റ് ബംഗാൾ ആദ്യ ജയം ലക്ഷ്യമിട്ടാണിറങ്ങുന്നത്. 16 പോയിന്‍റുള്ള ജംഷെഡ്‌പൂര്‍ ലീഗിൽ നാലാം സ്ഥാനത്താണ്. സീസണിലെ ആദ്യപാദ മത്സരത്തിൽ ഇരു ടീമും ഓരോഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. 

മുംബൈ തോറ്റു, ബ്ലാസ്റ്റേഴ്‌സിന് നേട്ടം 

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി വമ്പൻ തോൽവി നേരിട്ടു. ബെംഗളൂരു എഫ്‌സി എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തോൽപിക്കുകയായിരുന്നു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇരു ടീമിനും 17 പോയിന്‍റ് വീതമാണെങ്കിലും ഗോൾ ശരാശരിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാംസ്ഥാനം നിലനിർത്തിയത്. പ്രിൻസ് ഇബാറയുടെ ഇരട്ട ഗോൾ മികവിലാണ് ബിഎഫ്‌സിയുടെ ജയം. ഡാനിഷ് ഫാറൂഖാണ് ആദ്യ ഗോൾ നേടിയത്. ആദ്യപകുതിയിലായിരുന്നു മൂന്ന് ഗോളും. മൂന്നാം ജയത്തോടെ ബെംഗളൂരു ലീഗിൽ ഏഴാം സ്ഥാനത്തേക്കുയർന്നു.

ആത്മവിശ്വാസം വർധിച്ചുവെന്ന് വുകോമനോവിച്ച്

ഹൈദരാബാദ് എഫ്‌സിക്കെതിരായ ജയം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ഏറെ നിർണായകമാണെന്നും വുകോമനോവിച്ച് പറഞ്ഞു. 'ഓരോ ടീമിനെതിരെയും വ്യക്തമായ പദ്ധതികളോടെയാണ് ഇറങ്ങുന്നത്. ഇനിയുള്ള പത്ത് മത്സരങ്ങൾ വളരെ നിർണായകം. ഹൈദരാബാദിനെതിരായ ജയം ടീമിന്റെ ആത്മവിശ്വാസം കൂട്ടി. ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് കൊച്ചിയിൽ ആയിരുന്നുവെങ്കിൽ ആരാധകരുടെ ആവേശവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയാത്തവിധം ആകുമായിരുന്നു'വെന്നും വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു. 

SA vs IND : ജയിച്ചാല്‍ മഴവില്ലഴകുള്ള ചരിത്രം; ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍