ജംഷഡ്‌പൂരിനെതിരായ ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് 0-1ന് ജയിച്ചപ്പോള്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ വകയായിരുന്നു വിജയഗോള്‍

മഡ്‌ഗാവ്: ഐഎസ്എൽ (ISL) കരിയറിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേതെന്ന് മലയാളി താരം സഹൽ അബ്‌ദുൽ സമദ് (Sahal Abdul Samad). ടീമിലെ വിദേശതാരങ്ങളുടെ സാന്നിധ്യം കളി മെച്ചപ്പെടാൻ സഹായിക്കുന്നുണ്ടെന്നും സഹൽ പറഞ്ഞു. അതേസമയം ജംഷഡ്‌പൂരിനോടേറ്റ മൂന്ന് ഗോൾ തോൽവിയുടെ പിഴവുകൾ എല്ലാം പരിഹരിച്ചാണ് സെമിഫൈനലിൽ (JFC vs KBFC Semi Leg 1) ഇറങ്ങിയതെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) പറഞ്ഞു. കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയാത്തതിൽ നിരാശ ഉണ്ടെന്നും വുകോമനോവിച്ച് വ്യക്തമാക്കി. 

ജംഷഡ്‌പൂരിനെതിരായ ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് 0-1ന് ജയിച്ചപ്പോള്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ വകയായിരുന്നു വിജയഗോള്‍. 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജംഷഡ്‌പൂര്‍ പ്രതിരോധത്തെയും ഗോളി ടിപി രഹ്‌നേഷിനെയും കാഴ്‌ച്ചക്കാരനാക്കി തലയ്‌ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്‌ത് വലയിലാക്കുകയായിരുന്നു സഹല്‍ അബ്‌ദുല്‍ സമദ്.

ഇതോടെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമായി സഹല്‍ അബ്‌ദുല്‍ സമദ് മാറി. 13 ഗോളുമായി മുന്‍ സൂപ്പര്‍താരം ഇയാൻ ഹ്യൂമിനൊപ്പമാണ് സഹൽ മൂന്നാം സ്ഥാനത്ത്. 12 ഗോൾ നേടിയ അഡ്രിയൻ ലൂണയെ മറികടന്നാണ് സഹലിന്‍റെ മുന്നേറ്റം. 16 ഗോൾ നേടിയ ബെര്‍ത്തലോമ്യു ഒഗ്ബചേയും 14 ഗോൾ നേടിയ മലയാളി താരം സി കെ വിനീതുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. . ഇന്നലത്തെ ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മാനസിക ആധിപത്യമായി.

Scroll to load tweet…

എല്ലാം മുന്‍കൂട്ടിക്കണ്ട ഇവാന്‍

ജംഷഡ്‌പൂരില്‍ നിന്ന് കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നതായി ആദ്യപാദ സെമിക്ക് മുമ്പ് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. 'ലീഗ് ഘട്ടത്തില്‍ ജംഷഡ്‌പൂരിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഇനി പ്രസക്തമല്ല. നാളെ പുതിയൊരു മത്സരമാണ്. ഫുട്ബോളില്‍ എന്തും സാധ്യമാണ്. എങ്കിലും ജംഷഡ്‌പൂരില്‍ നിന്ന് കളിക്കളത്തില്‍ ശാരീരികമായും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു. മികച്ച ടീമുകളോട് കളിക്കുമ്പോള്‍ ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടിവരും. അതുകൊണ്ടുന്നെ കരുതലോടെയാവും ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക' എന്നുമായിരുന്നു ഇവാന്‍റെ വാക്കുകള്‍. 

ISL 2021-22 : കലൂര്‍ കടലായി, മഞ്ഞക്കടല്‍! സഹലിന്‍റെ ഗോളില്‍ തിരയാര്‍ത്ത് കൊച്ചിയില്‍ മഞ്ഞപ്പട- വീഡിയോ