മിക്ക ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത് ടൂർണമെന്‍റിന്‍റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി (Kerala Blasters FC vs Mumbai City FC) മത്സരം കൊവിഡ് (Covid-19) ആശങ്കകളെ തുടർന്ന് മാറ്റിവച്ചു. താരങ്ങളും ഒഫീഷ്യല്‍സുമടക്കമുള്ളവരുടെ സുരക്ഷ മുന്‍നിർത്തിയാണ് ഐഎസ്എല്‍ അധികൃതരുടെ (ISL) തീരുമാനം. 

മത്സരത്തിന് ആവശ്യമായ കളിക്കാര്‍ ബ്ലാസ്റ്റേഴ്സ് ടീമിൽ ഇല്ലെന്ന് ഐഎസ്എൽ അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനം നടത്തിയിരുന്നില്ല. മത്സരത്തിന്‍റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 

ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈ സിറ്റിയെ തോല്‍പിച്ചിരുന്നു. 11 കളിയില്‍ 20 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി നാലാമതാണ്. മിക്ക ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത് ടൂർണമെന്‍റിന്‍റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലത്തെ എടികെ മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്സി മത്സരവും കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു.

ഐഎസ്എല്ലിൽ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. മുൻപുണ്ടായിരുന്ന സാഹചര്യം മാറിമറിഞ്ഞു. ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

Scroll to load tweet…

Virat Kohli Quits Test Captaincy : 'ക്യാപ്റ്റന്‍സ്ഥാനം ഭീഷണിയിലായപ്പോൾ കോലി ഒഴിഞ്ഞു'; കാരണവുമായി മഞ്ജരേക്കർ