ISL 2021-22 : നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിന് മുന്നില്‍ കാലുറപ്പിക്കാന്‍ പോലും മുംബൈ സിറ്റിക്ക് ഭൂരിഭാഗം സമയത്തായില്ല
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) അവസാന പ്രതീക്ഷയും അസ‌്‌തമിച്ച് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സി (Mumbai City FC) അഞ്ചാം സ്ഥാനക്കാരായി മടങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പ്ലേ ഓഫില്‍. നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി (Hyderabad FC) ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈയെ തകര്‍ത്തതോടെയാണിത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (KBFC) നാലാം സ്ഥാനം അരക്കിട്ടുറപ്പിക്കപ്പെട്ടു.
നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിന് മുന്നില്‍ കാലുറപ്പിക്കാന്‍ പോലും 75 മിനുറ്റുകള്‍ വരെ മുംബൈ സിറ്റിക്കായില്ല. ആദ്യപകുതിയിലായിരുന്നു ഹൈദരാബാദിന്‍റെ രണ്ട് ഗോളുകളും. 14-ാം മിനുറ്റില്‍ രോഹിത് ദാനുവിന്‍റെയും 41-ാം മിനുറ്റില്‍ ജോയലിന്‍റേയും ഗോളുകള്‍ മുംബൈയുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പിച്ചു. എന്നാല്‍ 76-ാം മിനുറ്റില്‍ ഫാളിന്‍റെ ഗോള്‍ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന 10 മിനുറ്റില്‍ വിജയഗോളുകള്‍ കണ്ടെത്താന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കായില്ല.
ഐഎസ്എല്ലില്‍ 40 പോയിന്‍റുമായി ജംഷ്‌ഡ്‌പൂര്‍ എഫ്‌സിയാണ് തലപ്പത്ത്, ഹൈദരാബാദ് എഫ്‌സി 38 പോയിന്‍റുമായി രണ്ടാമതും 37 പോയിന്‍റുമായി എടികെ മോഹന്‍ ബഗാന്‍ മൂന്നാമതും 33 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് നാലാമതും നില്‍ക്കുന്നു. നാല് ടീമുകളും സെമിയിലെത്തി. മുംബൈ തോറ്റതോടെ നാളെ നടക്കുന്ന എഫ്‌സി ഗോവ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സര ഫലം നിര്‍ണായകമല്ലാതായി. അതേസമയം തിങ്കളാഴ്‌ച നടക്കുന്ന എടികെ മോഹന്‍ ബഗാന്‍-ജംഷഡ്‌പൂര്‍ എഫ്‌സി അവസാന പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കും.
ബിഎഫ്‌സിക്ക് ജയത്തോടെ ബൈ
ഇന്നത്തെ ആദ്യ മത്സരത്തില്‍ ജയത്തോടെ ബെംഗളൂരു എഫ്‌സി മടങ്ങി. സീസണില്‍ ടീമിന്‍റെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്‌സി തോല്‍പിച്ചത്. 24-ാം മിനുറ്റില്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടേതാണ് വിജയഗോള്‍. ബെംഗളൂരു 29 പോയിന്‍റോടെയും ഈസ്റ്റ് ബംഗാള്‍ 11 പോയിന്‍റുമായും സീസണ്‍ അവസാനിപ്പിച്ചു. ബിഎഫ്‌സി ആറാമതെങ്കില്‍ അവസാന സ്ഥാനക്കാരാണ് ഈസ്റ്റ് ബംഗാള്‍.
ISL 2021-22 : ബെംഗളൂരു എഫ്‌സിക്ക് ജയത്തോടെ മടക്കം; നാണംകെട്ട് ഈസ്റ്റ് ബംഗാള്‍
