ഏറെ മത്സരങ്ങളായി അപരാജിതരായി കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും നേർക്കുനേർ വരികയാണ്

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters FC) ഇന്ന് പത്താം മത്സരം. ഗോവയിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ഹൈദരാബാദ് എഫ്‌സിയാണ് (Hyderabad FC) ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. സീസണിൽ ഇരു ടീമും നേരിട്ടത് ഒറ്റത്തോൽവി മാത്രം. ഈ വർഷത്തെ ആദ്യകളിയിൽ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന്‍റെയും ഹൈദരാബാദിന്‍റേയും ലക്ഷ്യം വിജയവഴിയിലെത്തുക. 

ഒരാഴ്‌ചത്തെ വിശ്രത്തിലൂടെ ഊ‍ർജ്ജം സംഭരിച്ചെത്തുന്ന ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാവുക ബാർത്തലോമിയോ ഒഗ്ബചേ. ഒൻപത് ഗോൾ നേടിക്കഴിഞ്ഞ ബ്ലാസ്റ്റേഴ്സിന്‍റെ മുൻതാരം കൂടിയായ ഒഗ്ബചെയെ പിടിച്ചുകെട്ടാൻ കോച്ച് ഇവാൻ വുകോമനോവിച്ച് പ്രത്യേക തന്ത്രങ്ങൾ ഒരുക്കുമെന്നുറപ്പ്. മലയാളിതാരം സഹൽ അബ്‌ദുൽ സമദ്, അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ്, ഹോർജെ പെരേര ഡിയാസ് കൂട്ടുകെട്ടിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷയത്രയും. 

നേര്‍ക്കുനേര്‍ കണക്ക്

ഹൈദരാബാദ് 20 ഗോൾ നേടിയപ്പോൾ ഒൻപതെണ്ണം വഴങ്ങി. ബ്ലാസ്റ്റേഴ്സ് നേടിയത് പതിനഞ്ച് ഗോൾ. വഴങ്ങിയത് പത്തും. നേർക്കുനേർ കണക്കിൽ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. നാല് കളിയിൽ ബ്ലാസ്റ്റേഴ്‌‌സിനും ഹൈദരാബാദിനും രണ്ട് ജയം വീതം. ഹൈദരാബാദ് ഏഴ് ഗോളടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് തിരിച്ചുകൊടുത്തത് എട്ടെണ്ണം.

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തോടെ ഗോവയ്ക്ക് സീസണിലെ മൂന്നാം ജയം. ചെന്നൈയിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഗോവ വീഴ്ത്തി. 82-ാം മിനിറ്റില്‍ യോര്‍ഹെ ഓര്‍ട്ടിസ് മെന്‍‍ഡോസ ആണ് നിര്‍ണായക ഗോള്‍ നേടിയത്. രണ്ടാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരം ചെന്നൈയിന്‍ നഷ്ടമാക്കി. 14 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ചെന്നൈയിന്‍. ഗോവ 10 കളിയിൽ 12 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. 

ISL 2021-2022: ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ ടീമിലെത്തിക്കുമെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്