സഹൽ അബ്ദുൾ സമദിന്‍റെ മിന്നും ഗോളിൽ ആദ്യപാദം സ്വന്തമാക്കിയ ആവേശമാണ് ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. രണ്ടാംപാദ സെമിയിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് (Jamshedpur FC) എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ (Alvaro Vazquez) അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് (Sahal Abdul Samad) വല ചലിപ്പിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് 0-1ന് വിജയിച്ചിരുന്നു. 

സഹൽ അബ്ദുൾ സമദിന്‍റെ മിന്നും ഗോളിൽ ആദ്യപാദം സ്വന്തമാക്കിയ ആവേശമാണ് ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും. ആറ് വർഷത്തിന് ശേഷം കലാശപ്പോരിലേക്കെത്താൻ ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്സിന്. കരുത്തരെങ്കിലും ജംഷഡ്പൂരിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. അൽവാരോ വാസ്ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന്.

ലെസ്കോവിച്ചും ഖാബ്രയും ഹോർമിപാമും ചേർന്നുള്ള പ്രതിരോധവും ഭദ്രം. മഞ്ഞപ്പടയുടെ മാസ്റ്റർ ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ കൂടിയാകുമ്പോൾ ജംഷഡ്പൂരിന് കാര്യങ്ങൾ എളുപ്പമാകില്ല. നേരത്തെ രണ്ട് തവണ സെമിയിലെത്തിയപ്പോഴും തോറ്റിട്ടില്ലെന്ന ചരിത്രവും ബ്ലാസ്റ്റേഴ്സിന് കരുത്താകും. 

മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്‍റെ ലക്ഷ്യം. ആധികാരിക ജയത്തോടെ ലീഗിലെ വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ജംഷഡ്പൂരിനെ എഴുതിത്തള്ളാനാവില്ല. ഋതിക് ദാസ്, ഡാനിയേൽ ചീമ, ഗ്രെഗ് സ്റ്റുവർട്ട് തുടങ്ങി കളി വരുതിയിലാക്കാൻ കരുത്തുള്ള താരങ്ങളുണ്ട് ജംഷഡ്പൂർ നിരയിൽ. വല കാക്കാൻ മലയാളി താരം ടി പി രഹനേഷുണ്ട്. കലാശപ്പോരിന് ഗാലറിയിൽ മഞ്ഞക്കടൽ തീർക്കാൻ കാത്തിരിക്കുന്ന ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശരാക്കില്ലെന്ന് കരുതാം. 

Scroll to load tweet…

ISL 2021-22 : കരിയറിലെ ഏറ്റവും മികച്ച സീസണെന്ന് സഹല്‍; ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയരഹസ്യം തുറന്നുപറഞ്ഞ് ഇവാന്‍