റഫറിമാരുടെ തീരുമാനങ്ങള്‍ പക്ഷപാതപരവും മോശം നിലവാരത്തിലുള്ളതെന്നും ക്ലബ് കുറ്റപ്പെടുത്തി
കൊച്ചി: ഐഎസ്എല്ലിലെ (ISL 2021-22) റഫറീയിംഗിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (All India Football Federation) പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters Fc). വാര്‍ത്താക്കുറിപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്‌സിന്‍റെ കഴിഞ്ഞ രണ്ട് മത്സരവും നിയന്ത്രിച്ച റഫറി വെങ്കടേഷിന്‍റെ (Venkatesh) പേര് എടുത്തുപറഞ്ഞാണ് വാര്‍ത്താക്കുറിപ്പ് എന്നത് ശ്രദ്ധേയമായി.
റഫറിമാരുടെ തീരുമാനങ്ങള്‍ പക്ഷപാതപരവും മോശം നിലവാരത്തിലുള്ളതെന്നും ക്ലബ് കുറ്റപ്പെടുത്തി. ഫുട്ബോളിന്‍റെ സ്വീകാര്യതയും ആരാധക പിന്തുണയും വര്‍ധിക്കുന്നതിന് മോശം റഫറീയിംഗ് തടസമാകുമെന്നും ക്ലബ് ചൂണ്ടിക്കാട്ടി. എഐഎഫ്‌എഫ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് അഭിപ്രായപ്പെട്ടു. ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് ഗോള്‍ റഫറി അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകക്കൂട്ടായ്‌മ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നിഷേധിച്ചത് രണ്ട് ഗോള്‍
ഐഎസ്എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ തളച്ചിരുന്നു. ഇരുവരും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് ഗോളുകള്‍ റഫറി നിഷേധിച്ചു.
15-ാം മിനിറ്റിലായിരുന്നു ആദ്യ സംഭവം. ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്‍റെ ഷോട്ട് എതിര്‍ താരത്തിന്‍റെ കയ്യില്‍ തട്ടിയ ഉടനെ റഫറി വിസിലടിച്ചു. ഇതിനിടെ ദിശമാറിയ പന്ത് വാസ്‌ക്വെസ് ഈസ്റ്റ് ബംഗാളിന്‍റെ വലയിലാക്കുകയും ചെയ്‌തു. ഫൗള്‍ വിളിച്ച് അതേ റഫറി ഞൊടിയിടയില്‍ ഗോളെന്നും വിളിച്ചു. പിന്നാലെ ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ എതിര്‍പ്പുണ്ടായി. പ്രധാന റഫറി ലൈന്‍ റഫറിയുമായി സംസാരിച്ചു. തുടര്‍ന്ന് ഗോള്‍ നിഷേധിക്കുകയായിരുന്നു. 88 -ാം മിനിറ്റില്‍ ലൂണയുടെ ക്രോസില്‍ നിന്ന് ഡയസ് നേടിയ ഗോളും നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം. എന്നാല്‍ റിപ്ലേകളില്‍ ഫൗളൊന്നുമില്ലായിരുന്നു.
ISL : നോര്‍ത്ത് ഈസ്റ്റിനെ ഗോള്‍ മഴയില്‍ മുക്കി ഹൈദരാബാദ് രണ്ടാം സ്ഥാനത്ത്
