ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ ഗോളിന് വഴിയൊരുക്കിയത് രാഹുലിന്‍റെ അസിസ്റ്റായിരുന്നു

മഡ്‌ഗാവ്: ഐഎസ്എല്ലില്‍(ISL 2021-22) രണ്ടാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ(Kerla Blasters) പരിശീലനം തുടങ്ങി. വ്യാഴാഴ്‌ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ്(NorthEast United Fc) ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍. എടികെ മോഹന്‍ ബഗാനെതിരായ(ATK Mohun Bagan FC) മത്സരത്തില്‍ പരിക്കേറ്റ് മടങ്ങിയ മലയാളി താരം കെ പി രാഹുലിന്‍റെ(Rahul KL) അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും. രാഹുലിന് നാല് മുതല്‍ ആറാഴ്‌ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ ഗോളിന് വഴിയൊരുക്കിയത് രാഹുലിന്‍റെ അസിസ്റ്റായിരുന്നു. എന്നാല്‍ ഗോളവസരം ഒരുക്കിയതിന് പിന്നാലെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രാഹുല്‍ ഗ്രൗണ്ട് വിട്ടു. തുടര്‍ പരിശോധനകളില്‍ പരിക്കിന്‍റെ ഗൗരവം വ്യക്തമാവുകയായിരുന്നു. 

ആദ്യ മത്സരത്തില്‍ ഇവാന്‍ വുകാമനോവിച്ചിന്‍റെ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളിന് എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു. പ്രതിരോധ നിരയുടെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. ഇതുകൊണ്ടുതന്നെ പിഴവുകള്‍ തിരുത്തി മുന്നേറുകയാവും ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമാന സ്‌കോറില്‍ ബെംഗളൂരു എഫ്‌സിയോടും തോല്‍വി നേരിട്ടു. 

Scroll to load tweet…

മലയാളിപ്പോര്

മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് കേരളപ്പോര് കൂടിയാവും. ആറ് മലയാളി താരങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ടീമില്‍ ഉള്ളത്. മിര്‍ഷാദ് മിച്ചു, മാഷൂര്‍ ഷെരീഫ്, ജെസ്റ്റിന്‍ ജോര്‍ജ്, മുഹമ്മദ് ഇര്‍ഷാദ്, വി പി സുഹൈര്‍, ഗനി മുഹമ്മദ് നിഗം എന്നിവരാണ് ടീമിലെ മലയാളികള്‍. ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴിലാണ് നോര്‍ത്ത് ഈസ്റ്റ് കളിക്കുന്നത്.

ISL | ഐഎസ്എല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം; തിരിച്ചുവരവിന് ചെന്നൈയിന്‍ എഫ്‌സി