ഐഎസ്എല്ലിൽ ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. രണ്ടാംപാദ സെമിയിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് എതിരാളികൾ.
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സും (Kerala Blasters) ജംഷഡ്‌പൂര്‍ എഫ്‌സിയും (Jamshedpur FC) നേർക്കുനേർ വരുന്ന പന്ത്രണ്ടാം മത്സരമാണിന്ന്. ജംഷഡ്‌പൂർ (JFC) മൂന്ന് കളിയിൽ ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് (KBFC) രണ്ട് കളിയിലാണ് വിജയിച്ചത്. ജംഷഡ്‌പൂർ രണ്ട് കളിയിലും ബ്ലാസ്റ്റേഴ്‌സ് മൂന്ന് കളിയിലും തോറ്റു. ആറ് മത്സരം സമനിലയിൽ അവസാനിച്ചു. ജംഷഡ്‌പൂര്‍ 16 ഗോളുകളാണ് നേടിയതെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് 13 തവണ വല ചലിപ്പിച്ചു.
ഐഎസ്എല്ലിൽ ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. രണ്ടാംപാദ സെമിയിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് വല ചലിപ്പിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് 0-1ന് വിജയിച്ചിരുന്നു. ഈ പ്രതീക്ഷയോടെയാണ് മഞ്ഞപ്പട കളത്തിലെത്തുന്നത്.
ആറ് വർഷത്തിന് ശേഷം കലാശപ്പോരിലേക്കെത്താൻ ഒരു സമനില മാത്രം മതി ബ്ലാസ്റ്റേഴ്സിന്. കരുത്തരെങ്കിലും ജംഷഡ്പൂരിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. അൽവാരോ വാസ്ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന്. ലെസ്കോവിച്ചും ഖാബ്രയും ഹോർമിപാമും ചേർന്നുള്ള പ്രതിരോധവും ഭദ്രം. കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ ഇതിലേറെ കരുത്തുറ്റത്.
മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്‍റെ ലക്ഷ്യം. ആധികാരിക ജയത്തോടെ ലീഗിലെ വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ജംഷഡ്പൂരിനെ എഴുതിത്തള്ളാനാവില്ല.
