ഗോളടിക്കാനും ഗോളടിപ്പിക്കാനും ഗോൾ തടയാനും മികച്ച താരങ്ങൾ ഒപ്പമുണ്ടെങ്കിലും ആദ്യ ജയത്തിനായി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് 

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ആദ്യം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters Fc) ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ഒഡിഷ എഫ്‌സിയാണ് (Odisha Fc) എതിരാളികൾ. ഒഡിഷയുടെ ഗോളടി മികവിനെ മറികടക്കുക ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകൾ തിരുത്തി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമെന്ന് പരിശീലകന്‍ ഇവാൻ വുകോമനോവിച് (Ivan Vukomanovic) വ്യക്തമാക്കി. 

ബ്ലാസ്റ്റേഴ്‌സ് ഒരു ജയം കണ്ടിട്ട് കാലമേറെയായി. അവസാന 11 കളിയിൽ ആറ് സമനിലയും അഞ്ച് തോൽവിയുമാണ് മഞ്ഞപ്പടയുടെ അക്കൗണ്ടിലുള്ളത്. ഈ സീസണിൽ തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ട് കളിയിൽ സമനില വഴങ്ങി. ആദ്യ ജയത്തിനായി തപ്പിത്തടയുന്ന ബ്ലാസ്റ്റേഴ്‌സിന് നാലാമങ്കവും ഒട്ടും എളുപ്പമാവില്ല. രണ്ട് കളിയിൽ ഒൻപത് ഗോളടിച്ച് കൂട്ടിയ ഒഡിഷയാണ് എതിര്‍മുഖത്ത്. ബെംഗളൂരുവിനെതിരെ മൂന്നും ഈസ്റ്റ് ബംഗാളിനെതിരെ ആറും ഗോൾ നേടിയ ഒഡിഷ ഉഗ്രൻ ഫോമിലാണ്. 

ഗോള്‍മുഖത്ത് തപ്പിത്തട‌യുന്ന ബ്ലാസ്റ്റേഴ്‌സ്

മൂന്ന് കളിയിൽ 3 ഗോൾ മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സാവട്ടെ അഞ്ച് ഗോൾ വഴങ്ങി. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാം ബ്ലാസ്റ്റേഴ്‌സിന് പരിഹരിക്കാൻ ഏറെ കാര്യങ്ങളുണ്ട്. അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ ഡിയാസ്, ചെഞ്ചോ ഗിൽഷാൻ എന്നിവർ പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാവും. 

ഡൽഹി ഡൈനമോസിന്‍റെ പേരുമാറ്റി ഇറങ്ങുന്ന ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് 16 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന് അഞ്ചും ഒഡിഷയ്ക്ക് നാലും ജയം പേരിലെങ്കില്‍ ഏഴ് മത്സരങ്ങള്‍ സമനിലയിൽ കുടുങ്ങി. ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഒഡിഷയ്ക്കൊപ്പമായിരുന്നു. 

പിഴവുകള്‍ തിരുത്തുമെന്ന് പരിശീലകന്‍ 

ആദ്യ മത്സരങ്ങളിലെ പിഴവുകൾ തിരുത്തിയാവും കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയെന്ന് കോച്ച് ഇവാൻ വുകോമനോവിച് പറഞ്ഞു. 'ഒഡിഷയുടെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുക. ഒഡിഷയുടെ സെറ്റ് പീസ് മികവിനെ മറികടക്കാനുള്ള തന്ത്രങ്ങൾ തയ്യാർ. വിദേശ താരങ്ങളുടെ എണ്ണം നാലായി കുറച്ചതാണ് ചെഞ്ചോയ്ക്ക് അവസരം കുറയാൻ കാരണ'മെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് കൂട്ടിച്ചേര്‍ത്തു.

Football Results : ജർമൻ ക്ലാസിക്കിൽ ഡോർട്ട്മുണ്ടിനെ വീഴ്‌ത്തി ബയേണ്‍; സ്‌പെയ്‌നില്‍ ബാഴ്‌സക്ക് തോല്‍വി