ബയേണിനായി റോബര്‍ട്ട് ലെവൻഡോവ്‌സ്‌കി രണ്ടും കിങ്സ്ലി കോമാൻ ഒന്നും ഗോളും നേടി
ഡോർട്ട്മുണ്ട്: ജർമൻ ഫുട്ബോള്‍ ക്ലാസിക്കിൽ ഡോർട്ട്മുണ്ടിനെ (Borussia Dortmund) വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് (FC Bayern Munich). രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. ബയേണിനായി റോബര്‍ട്ട് ലെവൻഡോവ്‌സ്‌കി (Robert Lewandowski) രണ്ട് ഗോളുകളും കിങ്സ്ലി കോമാൻ (Kingsley Coman) ഒരു ഗോളും നേടി. ഡോർട്ട്മുണ്ടിനായി ജൂലിയൻ ബ്രാൻഡും (Julian Brandt), എർലിങ് ഹാലൻഡുമാണ് (Erling Haaland) ഗോളുകൾ നേടിയത്. ബയേണ്‍ ഒന്നും ഡോർട്ട്മുണ്ട് രണ്ടും സ്ഥാനത്ത് തുടരും.
റയല്‍ മുന്നോട്ട്
അതേസമയം സ്‌പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ സോസിദാഡിനെതിരെ മാഡ്രിഡ് ജയിച്ചുകയറിയത്. റയലിനായി രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂനിയറിന്‍റെ(47) വകയായിരുന്നു ആദ്യ ഗോൾ. ലൂക്കാ ജോവിച്ചിലൂടെയായിരുന്നു(57) റയൽ മാഡ്രിഡിന്‍റെ രണ്ടാം പ്രഹരം. 39 പോയിന്‍റുമായി റയല്‍ തലപ്പത്ത് തുടരുകയാണ്.
സാവിക്ക് കീഴില്‍ ബാഴ്‌സയ്‌ക്ക് ആദ്യ തോല്‍വി
പുതിയ കോച്ച് സാവിക്ക് കീഴിൽ ബാഴ്‌സലോണ ആദ്യ തോൽവി ഏറ്റുവാങ്ങി. റയൽ ബെറ്റിസ് ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സയെ തോൽപിച്ചു. എഴുപത്തിയൊൻപതാം മിനിറ്റിൽ യുവാൻമിയാണ് നിർണായക ഗോൾ നേടിയത്. ജയത്തോടെ ബെറ്റിസ് ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. നാലാം തോൽവി ഏറ്റുവാങ്ങിയ ബാഴ്‌സ ഏഴാം സ്ഥാനത്താണ്.
തോറ്റ് അത്‍ലറ്റിക്കോ മാഡ്രിഡും
ലാലിഗയിൽ അത്‍ലറ്റിക്കോ മാഡ്രിഡും തോൽവി സ്വീകരിച്ചു. മയ്യോർക്കയ്ക്കെതിരെയായിരുന്നു അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മയ്യോർക്ക വിജയിച്ചത്. മയ്യോർക്കയ്ക്കായി ഫ്രാൻകോ റൂസ്സോയും(80), കൂബോയും(90+1) ഗോളുകൾ നേടി. കുൻഹയാണ്(68) അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ ആശ്വാസ ഗോൾ നേടിയത്. നാലാമതാണ് നിലവില്‍ അത്‌ലറ്റിക്കോ.
ഇറ്റലിയില്‍ ഇന്‍റര്‍ മിലാന് ജയം
സീരി എ ലീഗിൽ ഇന്‍റർ മിലാൻ ജയം സ്വന്തമാക്കി. റോമയ്ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്‍റർ മിലാന്‍റെ ജയം. 15-ാം മിനിറ്റിൽ ഹകൻ കാൽഹനെഗ്ലൂവിലൂടെയായിരുന്നു ഇന്‍റർ മിലാന്‍റെ ആദ്യ ഗോൾ. 24-ാം മിനിറ്റിൽ ജെക്കോയും 39-ാം മിനിറ്റിൽ ഡംഫ്രൈസും ഇന്‍റർ മിലാനിനായി ലക്ഷ്യം കണ്ടു.
എ സി മിലാന്‍ വീണ്ടും ഒന്നാമത്
അതേസമയം ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ എ സി മിലാന്‍റെ മുന്നേറ്റം തുടരുകയാണ്. പതിനാറാം റൗണ്ടിൽ മിലാൻ എതിരില്ലാത്ത രണ്ട് ഗോളിന് സാലെർനിറ്റാനയെ തോൽപിച്ചു. ഫ്രാങ്ക് കെസ്സിയും(5), അലക്സിസുമാണ്(18) മിലാന്‍റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും. പന്ത്രണ്ടാം ജയത്തോടെ 38 പോയിന്‍റുമായി മിലാൻ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 37 പോയിന്‍റുള്ള ഇന്‍ററാണ് രണ്ടാമത്.
EPL : മാഞ്ചസ്റ്റർ സിറ്റി തലപ്പത്ത്; ചെൽസിക്ക് ബ്രേക്കിട്ട് വെസ്റ്റ് ഹാം, നാടകീയ ജയവുമായി ലിവര്‍പൂള്‍
