അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ആവേശപ്പോരിൽ സമനില നേടിയാണ് എടികെ മോഹൻ ബഗാൻറെ വരവ്
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് എടികെ മോഹൻ ബഗാൻ (ATK Mohun Bagan) ഒഡിഷ എഫ്‌സിയെ (Odisha FC) നേരിടും. ഗോവയിൽ (Tilak Maidan Stadium) വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. തുടരെ പന്ത്രണ്ട് മത്സരങ്ങളില്‍ തോൽവിയറിയാത്ത കൊൽക്കത്തയ്‌ക്ക് ഒരു ജയം മതി സെമിയിലേക്ക് വാതിൽ തുറക്കാൻ.
അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ആവേശപ്പോരിൽ സമനില നേടിയാണ് എടികെ മോഹൻ ബഗാൻറെ വരവ്. കൗക്കോ, ഹ്യൂഗോ ബൗമസ്, ലിസ്റ്റൻ കൊളാസോ തുടങ്ങി എപ്പോഴും ഗോളിലെത്താവുന്ന താരങ്ങൾ തന്നെ എടികെയുടെ കരുത്ത്. പിന്നിലായ ശേഷം തിരിച്ചടിച്ച് 11 പോയിന്‍റാണ് സീസണിൽ കൊൽക്കത്ത നേടിയത്. പരിക്ക് ഭേദമാകാത്ത റോയ് കൃഷ്ണ ഇന്നും കളിക്കില്ല. മറുവശത്ത് നഷ്ടപ്പെടാൻ ഒന്നുമില്ലാതെയാണ് ഒഡിഷയുടെ വരവ്. ജയിച്ചാലും സെമിസാധ്യത വിദൂരം. സീസണിൽ അവസാന ഏഴ് കളികളിൽ ഒരു ജയം മാത്രമാണ് ഒഡിഷയുടെ അക്കൗണ്ടിൽ. നേർക്കുനേർ പോരിൽ 12 കളികളിൽ 5 എണ്ണം എടികെ മോഹൻ ബഗാനും 2 തവണ ഒഡിഷയും ജയിച്ചു.
ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
ഇന്നലത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു. ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ഹൈദരാബാദ് എഫ്‌സി സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി. ആദ്യപകുതിയില്‍ ബെര്‍തൊലോമ്യൂ ഒഗ്ബെച്ചെയും രണ്ടാംപകുതിയില്‍ പകരക്കാരനായി എത്തിയ ജാവിയേര്‍ സിവേറിയോയുമാണ് ഹൈദരാബാദിന്‍റെ ഗോളുകള്‍ നേടിയത്. രണ്ടാംപകുതിയുടെ ഇഞ്ചുറിടൈമില്‍ വിന്‍സി ബരേറ്റോയിലൂടെ മഞ്ഞപ്പട ആശ്വാസ ഗോള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ അവസാന മത്സരങ്ങള്‍ മഞ്ഞപ്പടയ്‌ക്ക് ചങ്കിടിപ്പേറ്റുന്നതായി.
ഐഎസ്എല്ലില്‍ സെമി ഉറപ്പിച്ച ആദ്യ ടീം ഹൈദരാബാദ് എഫ്‌സിയാണ്. മറ്റ് മൂന്ന് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകള്‍ മത്സരിക്കുന്നു. പോയിന്‍റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി 31 പോയിന്‍റുള്ള ജംഷഡ്‌പൂരും 30 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനും കുറച്ചുകൂടി സുരക്ഷിതമായ നിലയിലാണ്. നാല് കളി വീതം അവര്‍ക്ക് ബാക്കിയുണ്ട്. ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശം മുംബൈ, ബെംഗളൂരു ടീമുകളുടെ പ്രകടനം അനുസരിച്ചാകും. 17 കളിയിൽ 28 പോയിന്‍റാണ് നാലാമതുള്ള മുംബൈ സിറ്റിക്കുള്ളത്. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് 17 കളിയില്‍ 27 പോയിന്‍റാണ് സമ്പാദ്യം. ആറാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് 18 കളിയിൽ 26 പോയിന്‍റും.
ISL 2021-22 : ചില്ലറ കളികളല്ല! ഇനിയെല്ലാം ചങ്കില്‍ തീ; അറിയാം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സെമി സാധ്യത
