ജംഷഡ്‌പൂരിനെതിരായ കളി തുടങ്ങുന്നതിന് മുൻപ് തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകർ
കൊച്ചി: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) ഫൈനൽ പ്രവേശം ആഘോഷമാക്കി ആരാധകർ. കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ മഞ്ഞപ്പടയുടെ (Manjappada) ആരാധകർ ടീം കപ്പടിക്കുമെന്ന ഉറപ്പിലാണ് സെമി ഫൈനല്‍ കഴിഞ്ഞ് മടങ്ങിയത്. സെമിയില്‍ കരുത്തരായ ജംഷഡ്‌പൂര്‍ എഫ്‌സിയുടെ (Jamshedpur FC) ഉരുക്കുകോട്ട പൊളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് (KBFC) ഫൈനലിന് യോഗ്യത നേടിയത്.
ജംഷഡ്‌പൂരിനെതിരായ കളി തുടങ്ങുന്നതിന് മുൻപ് തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകർ. ആദ്യ മിനിറ്റുകളിലെ ആധിപത്യത്തിനിടെ മികച്ച രണ്ട് അവസരങ്ങൾ പാഴായപ്പോൾ ആരാധകര്‍ നിരാശരായി. ഒടുവിൽ അഡ്രിയന്‍ ലൂണയുടെ ബൂട്ടിലൂടെ ഗോൾ പിറന്നപ്പോൾ ആവേശം അലതല്ലി. ഫസ്റ്റ് ഹാഫിന് ശേഷം ജംഷഡ്‌പൂർ ഗോൾ മടക്കിയതോടെ കാണികള്‍ക്ക് പിരിമുറുക്കമായി. ഒടുവിൽ ഫൈനൽ ഉറപ്പിച്ചപ്പോൾ ആവേശം വാനോളമുയര്‍ന്നു കലൂരില്‍. ഫൈനലില്‍ എതിരാളി ആരായാലും കപ്പ് മഞ്ഞപ്പടയ്ക്ക് തന്നെയെന്ന് ഉറപ്പിച്ച് പറയുന്നു ആരാധകർ.
സെമിയിൽ ജംഷഡ്‌പൂരിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിക്കുകയായിരുന്നു മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്‍- ഹൈദരാബാദ് എഫ്‌സി രണ്ടാം സെമി വിജയികളെ നേരിടും. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.
തിലക് മൈതാനിയിലെ രണ്ടാംപാദത്തില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ 1-0ത്തിന്‍റെ വിജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. രണ്ടാംപാദത്തില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡര്‍ ജംഷഡ്‌പൂരിനായി ഗോള്‍ മടക്കി. ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അല്‍വാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് 1-0ന് ജയിച്ചിരുന്നു.

ISL 2021-22 : കിരീടം ബ്ലാസ്റ്റേഴ്‌സ് നേടും, എടികെയെ ഫൈനലിൽ എതിരാളികളായി കിട്ടണം: ഐ എം വിജയൻ
