ISL 2021 :ഈസ്റ്റ് ബംഗാള്‍- എടികെ മോഹന്‍ ബഗാന്‍; ഐസിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത ഡെര്‍ബി
ഒരു നൂറ്റാണ്ടിന്റെ കഥകളുണ്ട് കൊല്‍ക്കത്ത നാട്ടങ്കത്തിന്. തലമുറകള്‍ മാറിമാറി വന്നാലും ഐലീഗില്‍ നിന്ന് ഐഎസ്എല്ലിലെത്തിയാലും ആവേശം ചോരാത്ത പോരാട്ടകഥകള്‍.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021) ഇന്ന് കൊല്‍ക്കത്ത ഡെര്‍ബി (Kolkata Derby). വൈകീട്ട് 7:30ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ (East Bengal), എടികെ മോഹന്‍ ബഗാനെ (ATK Mohun Bagan) നേരിടും. ഒരു നൂറ്റാണ്ടിന്റെ കഥകളുണ്ട് കൊല്‍ക്കത്ത നാട്ടങ്കത്തിന്. തലമുറകള്‍ മാറിമാറി വന്നാലും ഐലീഗില്‍ നിന്ന് ഐഎസ്എല്ലിലെത്തിയാലും ആവേശം ചോരാത്ത പോരാട്ടകഥകള്‍.
ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത ആവേശത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഇറങ്ങുമ്പോള്‍ ജംഷഡ്പൂരിനോട് സമനില വഴങ്ങിയാണ് ഈസ്റ്റ് ബംഗാള്‍ എത്തുന്നത്. ഇരു ടീമുകളും തമ്മിലുള്ള 380ആമത്തെ പോരാട്ടത്തിനാണ് ഗോവ വദിയാവുക. ഐലീഗിലും ഫെഡറേഷന്‍ കപ്പിലും ഡ്യൂറന്റ് കപ്പിലും ഐഎഫ്എ ഷീല്‍ഡിലുമെല്ലാം കൊണ്ടും കൊടുത്തും വളര്‍ന്ന പോര്.
132 ജയമുള്ള ഈസ്റ്റ് ബംഗാളാണ് മുന്നില്‍. മോഹന്‍ബഗാന്‍ 122 ജയം സ്വന്തമാക്കിയപ്പോള്‍ 125 മത്സരങ്ങള്‍ സമനില. സമീപകാലത്തും ഐഎസ്എല്ലിലും പക്ഷേ എടികെയ്ക്ക് മേല്‍ക്കൈ. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും ജയം. നിരാശമറക്കാന്‍ എടികെയ്‌ക്കൊപ്പം ഗോള്‍ഡന്‍ ഗ്ലൗ നേടിയ അരിന്ദം ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള പുത്തന്‍ താരങ്ങളെയെത്തിച്ചു ഈസ്റ്റ് ബംഗാള്‍.
റോയ് കൃഷ്ണ, ഹ്യൂഗോ ബൗമസ് തുടങ്ങിയവ വമ്പന്മാരുള്ള അന്റോണിയോ ഹബ്ബാസിന്റെ സംഘമാകട്ടെ ഇരട്ടിക്കരുത്തില്‍. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിന്റെ ആരവമില്ലെങ്കിലും ഗോവയിലെ പെരുംപോരിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇന്ന് രണ്ടാം മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി, ഹൈദരാബാദിനെ നേരിടും. രാത്രി 9.30ന് ഗോവയിലാണ് മത്സരം. ഐഎസ്എല്ലില്‍ ആദ്യമായാണ് 9.30ന് കിക്കോഫ് . ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവയെ തകര്‍ത്താണ് മുംബൈ വരുന്നതെങ്കില്‍ ചെന്നൈയിനോട് തോറ്റാണ് ഹൈദരാബാദ് എത്തുന്നത്.