ബ്ലാസ്റ്റേഴ്‌സിനായി സഹല്‍ അബ്‌ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഗോള്‍ബാറിനെ ഭേദിച്ചില്ല

ബെംഗളൂരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 32-ാം മിനുറ്റില്‍ റോയ് കൃഷ്‌ണ വല ചലിപ്പിച്ചതോടെ ബിഎഫ്‌സിയുടെ മുന്‍തൂക്കത്തോടെ 1-0ന് ആദ്യപകുതി അവസാനിച്ചു. സീസണില്‍ റോയിയുടെ അഞ്ചാം ഗോളാണിത്. ഹാവി ഫെര്‍ണാണ്ടസിന്‍റേതായിരുന്നു അസിസ്റ്റ്. വീണ്ടുമൊരിക്കല്‍ കൂടി മോശം പ്രതിരോധമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. സഹല്‍ അബ്‌ദുല്‍ സമദ് അക്രോബാറ്റിക് ഷോട്ടുകള്‍ക്ക് ഉള്‍പ്പടെ ശ്രമിച്ചെങ്കിലും ഗോള്‍ബാറിനെ ഭേദിച്ചില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിസമയവും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ കഴിയാതെപോയി. 

ബിഎഫ്‌സിക്കെതിരെ 4-3-3 ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്‌സ് മൈതാനത്തെത്തിയത്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും രാഹുല്‍ കെ പിയും മഞ്ഞപ്പടയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ക്യാപ്റ്റന്‍ ജെസ്സലിന് പുറമെ ദിമിത്രിയോസ് ഡയമന്‍റക്കോസ്, ഇവാന്‍ കല്യൂഷ്‌നി, ജീക്‌സണ്‍ സിംഗ്, അഡ്രിയാന്‍ ലൂണ, നിഷു കുമാര്‍, ഹോര്‍മിപാം. വിക്‌ടര്‍ മോംഗില്‍ എന്നിവരാണ് ലൈനപ്പിലുള്ളത്. ഗോള്‍ബാറിന് കീഴെ പ്രഭ്‌സുഖന്‍ ഗില്‍ തുടരുന്നു. ഇന്ന് വിജയിച്ച് പ്ലേഓഫ് പ്രതീക്ഷ ഉറപ്പിക്കുകയാണ് ഇവാന്‍ വുകോമനോവിച്ചിന്‍റെയും സംഘത്തിന്‍റേയും ലക്ഷ്യം. എന്നാല്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് അവസരങ്ങളൊരുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ കിട്ടിയ അവസരം മുതലാക്കി സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ്‌ കൃഷ്‌ണ ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു. 

ലീഗ് ഷീല്‍ഡ് മുംബൈ സിറ്റിക്ക് 

ഐഎസ്എല്ലില്‍ അപരാജിത കുതിപ്പ് തുടരുന്ന മുംബൈ സിറ്റി എഫ്‌സി ലീഗ് ഷീല്‍ഡ് സ്വന്തമാക്കി. എഫ്‌സി ഗോവയെ എവേ ഗ്രൗണ്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളിന് മലര്‍ത്തിയടിച്ചാണ് മുംബൈ സിറ്റി ഷീല്‍ഡ് ഉയര്‍ത്തിയത്. 18 മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമില്ലാതെ 46 പോയിന്‍റുമായാണ് മുംബൈയുടെ തേരോട്ടം. സീസണിലെ പതിനെട്ട് കളിയില്‍ 14 ജയവും നാല് സമനിലയുമുള്ള മുംബൈ സിറ്റി എഫ്‌സി ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. രണ്ടാമതുള്ള ഹൈദരാബാദ് എഫ്‌സിക്ക് 17 മത്സരങ്ങളില്‍ 36 പോയിന്‍റേയുള്ളൂ. 

ഗോവയെ വീഴ്‌ത്തി മുംബൈ സിറ്റിയുടെ തേരോട്ടം; ലീഗ് ഷീല്‍ഡ് സ്വന്തം