ഡയമന്‍റക്കോസ്, ലൂണ, സഹൽ, കലിയൂഷ്ണി, രാഹുൽ തുടങ്ങിയവർ പ്രതീക്ഷയ്ക്കൊത്ത് പന്തുതട്ടിയാൽ ബ്ലാസ്റ്റേഴ്സിന് വിജയവഴിയിൽ തിരിച്ചെത്താം
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഒഡിഷ എഫ്‌സിയെ നേരിടും. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
പുതുവർഷത്തെ ജയത്തോടെ വരവേൽക്കണം, ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ നേരിട്ട തോൽവിക്ക് പകരം വീട്ടണം. ഒഡിഷയെ സ്വന്തം തട്ടകത്തിൽ നേരിടാനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് ഒന്നിലധികം ലക്ഷ്യങ്ങളുണ്ട്. പത്ത് കളിയിൽ ബ്ലാസ്റ്റേഴ്സിനും ഒഡിഷയ്ക്കും 19 പോയിന്‍റ് വീതമാണുള്ളത്. ബ്ലാസ്റ്റേഴ്സ് പതിനെട്ട് ഗോൾ നേടിയപ്പോൾ വഴങ്ങിയത് പതിനാല് ഗോൾ മാത്രം. ഒഡിഷ പതിനഞ്ച് ഗോൾ നേടിയപ്പോൾ പതിനാല് ഗോൾവഴങ്ങി. ഗോൾ വ്യത്യാസത്തിൽ ബ്ലാസ്റ്റേഴ്സ് അഞ്ചും ഒഡിഷ ആറും സ്ഥാനത്താണ്. തുടർവിജയങ്ങളുമായി മുന്നേറിയ ബ്ലാസ്റ്റേഴ്സിനെ അവസാന മത്സരത്തിൽ ചെന്നൈയിൻ സമനിലയിൽ തളച്ചിരുന്നു.
ഡയമന്‍റക്കോസ്, ലൂണ, സഹൽ, കലിയൂഷ്ണി, രാഹുൽ തുടങ്ങിയവർ പ്രതീക്ഷയ്ക്കൊത്ത് പന്തുതട്ടിയാൽ ബ്ലാസ്റ്റേഴ്സിന് വിജയവഴിയിൽ തിരിച്ചെത്താം. ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഒഡിഷയുടെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 19 കളിയിൽ. ബ്ലാസ്റ്റേഴ്സിന് ഏഴും ഒഡിഷയ്ക്ക് അഞ്ചും ജയമുണ്ടായി. ഏഴ് കളി സമനിലയിൽ അവസാനിച്ചു.
ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ ജൈത്രയാത്ര തുടരുകയാണ്. മുംബൈ പതിനൊന്നാം റൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിൻ എഫ്‌സിയെ തോൽപിച്ചു. പീറ്റർ സ്ലിസ്കോവിച്ചിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ചെന്നൈയിന്‍റെ തോൽവി. മുപ്പത്തിനാലാം മിനിറ്റിലായിരുന്നു പീറ്ററിന്‍റെ ഗോൾ. മുപ്പത്തിയെട്ടാം മിനിറ്റിൽ ലാലിയൻസുവാല ചാംഗ്തേയിലൂടെ മുംബൈ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ഗ്രെഗ് സ്റ്റുവർട്ട് മുംബൈയുടെ ജയമുറപ്പിച്ചു. അൻപത്തിയേഴാം മിനിറ്റിലായിരുന്നു സ്റ്റുവർട്ടിന്‍റെ വിജയ ഗോൾ. എട്ട് ജയമടക്കം 27 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. സീസണിൽ ഇതുവരെ തോൽവി നേരിടാത്ത ഏക ടീമും മുംബൈയാണ്.
എടികെയെ തളച്ചു; ക്രിസ്‌മസ് ജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
