ലോകകപ്പ് സന്നാഹ മത്സരത്തിൽ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഐവറി കോസ്റ്റ് അട്ടിമറി വിജയം നേടി. മറ്റൊരു മത്സരത്തിൽ സ്പെയിൻ ഇറാഖിനോട് സമനില വഴങ്ങിയപ്പോൾ, സുരക്ഷാ കാരണങ്ങളാൽ ഫിഫ ലോകകപ്പ് വേദികളിൽ വെള്ളക്കുപ്പികൾക്ക് വിലക്കേർപ്പെടുത്തി.
ന്യൂയോര്‍ക്ക്: ലോകകപ്പ് സന്നാഹമത്സരത്തില്‍ അട്ടിമറി. ചരിത്രത്തില്‍ ആദ്യമായി ഐവറി കോസ്റ്റ്, ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐവറി കോസ്റ്റിന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സിന്, രണ്ടാം പകുതിയില്‍ മുന്നേറ്റം നിലനിര്‍ത്താനായില്ല. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് ഐവറി കോസ്റ്റ് ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് ദുര്‍ബലരെന്നു കരുതുന്ന ടീമിനോട് തോറ്റത്, ഫ്രാന്‍സിന് വമ്പന്‍ തിരിച്ചടിയാണ്.
അതേസമയം, സന്നാഹമത്സരത്തില്‍ ഇറാഖിനോട് സമനില വഴങ്ങി സ്‌പെയ്ന്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. മത്സരത്തിന്റെ 15- മിനിറ്റില്‍ ഫെറാന്‍ ടോറസ് ആണ് സ്‌പെയിനായി ഗോള്‍ നേടിയത്. എന്നാല്‍, 26- മിനുറ്റില്‍ തന്നെ ഇറാഖ് തിരിച്ചടിച്ചു. മെര്‍ച്ചാസ് ഡോസ്‌കി ആണ് സമനില ഗോള്‍ നേടിയത്. തിങ്കളാഴ്ച നടക്കുന്ന അടുത്ത സന്നാഹ മത്സരത്തില്‍ സ്‌പെയ്ന്‍ പെറുവിനെ നേരിടും.
വെള്ളക്കുപ്പികള്‍ക്ക് വിലക്ക്
ഫിഫ ലോകകപ്പ് വേദികളില്‍ വെള്ളക്കുപ്പികള്‍ക്ക് വിലക്ക്. കാണികള്‍ കുപ്പികള്‍ മൈതാനത്തേക്ക് എറിയുന്നത് ഒഴിവാക്കാനാണ് ഫിഫയുടെ തീരുമാനം. നേരത്തേ, ഒരു ലിറ്റര്‍വരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികള്‍ കൈയില്‍ കരുതാം എന്നായിരുന്നു അറിയിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തിയ ഫിഫ. കപ്പുകള്‍, ജാറുകള്‍, കാനുകള്‍ എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി. കളിക്കാര്‍, റഫറിമാര്‍, ആരാധകര്‍, വോളന്റിയര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനാണ് തീരുമാനമെന്നും, കാണികള്‍ക്ക് സ്റ്റേഡിയത്തിന് അകത്തുനിന്ന് വെള്ളം വാങ്ങാന്‍ സൗകര്യം ഒരുക്കുമെന്നും ഫിഫ വ്യക്തമാക്കി.
മത്സരടിക്കറ്റ് നിരക്കും ട്രെയിന്‍ നിരക്കും അമിതമായി വര്‍ധിപ്പിച്ചു എന്ന പരാതിക്കിടെയാണ് അധികൃതര്‍ ഇപ്പോള്‍ വെള്ളക്കുപ്പികള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. ഖത്തര്‍ ലോകകപ്പിലും വെള്ളക്കുപ്പികള്‍ സ്റ്റേഡിയത്തിന് ഉള്ളില്‍ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.

