Asianet News MalayalamAsianet News Malayalam

ജര്‍മനിയേയും സ്‌പെയ്‌നിനേയും വീഴ്ത്തിയ ജപ്പാന്‍ ഇന്നിറങ്ങുന്നു; മറുവശത്ത് മോഡ്രിച്ചിന്റെ ക്രോയേഷ്യ

പ്രീക്വാര്‍ട്ടറില്‍ ക്രയേഷ്യയെ ഭയപ്പെടുത്തുന്നതും ഈ ജപ്പാന്‍ ടെക്‌നോളജിയാണ്. കാലില്‍ പന്ത് കൊരുത്ത് എതിരാളികളെ വെളളംകുടിപ്പിക്കുന്ന സ്‌പെയ്ന്‍. കരുത്തും വേഗവും താരത്തിളക്കവുമുള്ള ജര്‍മനി. ഇതൊന്നുമില്ലാതെ ഇരുവരെയും വീഴ്ത്തി ജപ്പാന്‍.

Japan vs Croatia fifa world cup match preview and more
Author
First Published Dec 5, 2022, 12:15 PM IST

ദോഹ: ഇന്നത്തെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ക്രോയേഷ്യ രാത്രി എട്ടരയ്ക്ക് ജപ്പാനെ നേരിടും. ജര്‍മനിയെയും സ്‌പെയ്‌നെയും അട്ടിമറിച്ച ജപ്പാന്‍ ക്രോയേഷ്യയെയും വീഴ്ത്താമെന്ന പ്രതീക്ഷയിലാണ്. ഇരുടീമും ഇതിന് മുമ്പ് മൂന്ന് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ജപ്പാനും ക്രോയേഷ്യയും ഓരോ കളിയില്‍ ജയിച്ചു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. കാലില്‍ പന്തില്ലെങ്കിലും കളി ജയിക്കാമെന്ന് തെളിയിച്ചാണ് ജപ്പാന്‍ അവസാന പതിനാറിലെത്തിയത്. 

പ്രീക്വാര്‍ട്ടറില്‍ ക്രയേഷ്യയെ ഭയപ്പെടുത്തുന്നതും ഈ ജപ്പാന്‍ ടെക്‌നോളജിയാണ്. കാലില്‍ പന്ത് കൊരുത്ത് എതിരാളികളെ വെളളംകുടിപ്പിക്കുന്ന സ്‌പെയ്ന്‍. കരുത്തും വേഗവും താരത്തിളക്കവുമുള്ള ജര്‍മനി. ഇതൊന്നുമില്ലാതെ ഇരുവരെയും വീഴ്ത്തി ജപ്പാന്‍. പന്തവകാശം വേണ്ട, പന്ത് കൈമാറി കളം വാഴാന്‍ താത്പര്യമേയില്ല. പക്ഷേ ജയിക്കണം. അതിനായി കാലില്‍ പന്തെത്തും വരെ കാത്തിരിപ്പ്. പിന്നെ ഒരൊറ്റക്കുതിപ്പ്. രണ്ട് മുന്‍ ചാംപ്യന്‍മാരെ വീഴ്ത്തിയ ജപ്പാന്‍ ടെക്‌നോളജിയാണിപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ വിസ്മയം.

ഏഷ്യയുടെ അഭിമാനമായി ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ ബൂട്ടു കട്ടുമ്പോള്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രോയേഷ്യയുടെ തലപുകയ്ക്കുന്നതും ഇതുതന്നെയാവും. ലോകകപ്പില്‍ കളികണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത് 1966 മുതല്‍. അന്നുമുതല്‍ 700 ല്‍ അധികം തവണ പന്തുകള്‍ കാല്‍മാറിയിട്ട് രണ്ട് ടീമുകള്‍ മാത്രമേ തോറ്റിട്ടുള്ളൂ. അതു രണ്ടും ഈ ലോകകപ്പിലാണ്, ജര്‍മനിയും സ്‌പെയ്‌നും. ജപ്പാനെതിരെ കാലില്‍ നിന്ന് കാലിലേക്ക് ജര്‍മനി പന്ത് നല്‍കിയത് 771 തവണ. 

ജപ്പാന്റെ പാസുകള്‍ 269 മാത്രം. സ്‌പെയിനാവട്ടേ 1058 പാസുകള്‍ കൈമാറി. ജപ്പാന് പന്ത് കിട്ടിയതുപോലും പേരിന് മാത്രം. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കുറച്ച് സമയം പന്ത് കാലില്‍ കിട്ടിയ ടീമുമായി ജപ്പാന്‍. എന്നിട്ടും സ്‌പെയ്‌നെ സമുറായികള്‍ വീഴ്ത്തി. രണ്ട് ജയവും ആദ്യം ഗോള്‍ വഴങ്ങിയശേഷം എന്നതും ജപ്പാന്‍ പോരാട്ടവീര്യത്തിന്റെ നേരടയാളം. ഗോളടിച്ചതെല്ലാം പകരക്കാരെന്ന സവിശേഷതയുമുണ്ട് ജപ്പാന്‍ കുതിപ്പില്‍. മറുവശത്ത് ലൂക്കാ മോഡ്രിച്ചിന്റെ ആത്മവിശ്വാസമാണ് ക്രൊയേഷ്യയുടെ കരുത്ത്.

നെയ്മറും ഡാനിലോയും തിരിച്ചെത്തുമെന്ന് ടിറ്റെ; പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഇന്ന് ദക്ഷിണ കൊറിയക്കെതിരെ

Follow Us:
Download App:
  • android
  • ios