മധ്യനിരയുടെയും മുന്നേറ്റനിരയുടെയും മോശം പ്രകടനമാണ് തോൽവിക്ക് കാരണമായത്. സ്‌ട്രൈക്കർ ഇഗോർ തിയാഗോയുടെ പ്രകടനം വിമർശിക്കപ്പെട്ടപ്പോൾ, മികച്ച ഫോമിലുള്ള ജോവോ പെഡ്രോയെ ടീമിൽ ഉൾപ്പെടുത്താത്ത പരിശീലകൻ ആൻസലോട്ടിയുടെ തീരുമാനവും ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്.

ന്യൂയോര്‍ക്ക്: ലോകകപ്പിൽ ആദ്യ വിജയം തേടിയിറങ്ങിയ ബ്രസീലിന് മൊറോക്കൻ ആക്രമണത്തിൽ കാലിടറി. സമീപകാലത്ത് വളരെ മോശം ഫോം തുടരുന്ന ബ്രസീൽ സ്‌ക്വഡിൽ നിന്നും വിജയം പ്രതീക്ഷിച്ചിരുന്ന ആരാധകർക്കും മൊറോക്കോയുമായുള്ള മത്സരം കടുത്ത നിരാശയാണ് സമ്മാനിച്ചത്. ബ്രസീലിയൻ മധ്യനിരയുടെ മോശം പ്രകടനം നിഴലിച്ച മത്സരം കൂടിയായിരുന്നു ഈ കഴിഞ്ഞത്. മധ്യനിരയിൽ നിന്നും കസമിറോക്കൊ ബ്രൂണോ ഗുമെറെഷിനോ പാക്വേറ്റക്കോ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത മത്സരം കൂടിയായിരുന്നു കഴിഞ്ഞുപോയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിനീഷ്യസിനെ മാത്രം കേന്ദ്രീകരിച്ച് ലെഫ്റ്റ് വിംഗിലൂടെ ആക്രമണം നടത്താൻ ഇറങ്ങിയ ബ്രസീലിയൻ മുന്നേറ്റ നിരയ്ക്ക് അഷ്‌റഫ് ഹക്കിമി എന്ന ഫുൾ ബാക്കിനെ മറികടക്കുക എന്നത് പലപ്പോഴും അസാധ്യമായിരുന്നു. മുന്നേറ്റനിരയുറെ അമരക്കാരനായി ആദ്യ ഇലവനിൽ ഇടം പിടിച്ച ഇഗോർ തിയാഗോയുടെ മോശം പ്രകടനത്തിന് വലിയ വിമർശനമാണ് ആരാധകർക്കിടയിൽ നിന്നും ഉയർന്നുവരുന്നത്. മൊറോക്കൻ പ്രതിരോധനിരയെ ഭേദിച്ച് കളിയുടെ ആദ്യ പകുതിയിൽ വിനീഷ്യസ് നൽകിയ ക്രോസിൽ ഒരു ഹെഡർ ഗോൾ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. പന്തിലൊന്ന് തലവയ്ക്കാൻ പോലും ഇഗോർ തിയാഗോയ്ക്ക് സാധിച്ചില്ല.

മത്സരത്തിലുടനീളം കാര്യമായ ചലനങ്ങളൊന്നും തന്നെ സൃഷ്ടിക്കാൻ സാധിക്കാതിരുന്ന തിയാഗോയെ അറുപത്തിയൊന്നാം മിനിറ്റിൽ ആൻസലോട്ടി പിൻവലിക്കുന്നുണ്ട്. കേവലം ഒരു ഷോട്ട് മാത്രമാണ് തിയാഗോ കളിയിൽ ചെയ്തത്. സ്‌ട്രൈക്കർമാരുടെ മോശം പ്രകടനത്തിനൊപ്പം തന്നെ മത്സരശേഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേരാണ് ചെൽസി സ്‌ട്രൈക്കർ ജോവോ പെഡ്രോയുടേത്. ചെൽസിക്ക് വേണ്ടി മിന്നും ഫോമിൽ കളിക്കുന്ന താരത്തിന് ആൻസലോട്ടിയുടെ ബ്രസീൽ സ്‌ക്വാഡിൽ ഇടം കിട്ടിയില്ല. കഴിഞ്ഞ വർഷത്തെ ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ ചെൽസിക്ക് വേണ്ടി ഇരട്ടഗോൾ നേടി കിരീടം നേടിക്കൊടുത്ത താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് ഏവർക്കും ആശ്ചര്യമായിരുന്നു.

ജോവോ പെഡ്രോയ്ക്ക് പകരം ഇഗോർ തിയാഗോയെ ടീമിലെടുത്തപ്പോൾ അതിനെ ആനസലോട്ടിയുടെ കൃത്യമായ തീരുമാനമെന്ന് വിലയിരുത്തിയവരുമുണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിന് ശേഷം ജോവോ പെഡ്രോയെ പോലൊരു സ്‌ട്രൈക്കറുടെ അഭാവം എത്രത്തോളമാണെന്ന് കണക്കുകളിൽ കാണാൻ കഴിയുന്നുണ്ട്. അതേസമയം വരും മത്സരങ്ങളിൽ ഇഗോർ തിയാഗോ സ്‌കോർ ചെയ്യുമെന്ന് കണക്കുക്കൂട്ടുന്നവരുമുണ്ട്. എന്തായാലും ബ്രസീലിന്റെ അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ബ്രസീൽ ആരാധകർ. ജൂൺ 20 ന് ഹെയ്ദിയുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ അടുത്ത മത്സരം. മിഡ്ഫീൽഡിലെയും ഡിഫൻസിലെയും പിഴവുകൾ നികത്തി പ്രതാപകാലത്തെ ബ്രസീലിനെ വീണ്ടും കളത്തിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ!

YouTube video player