33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെ പ്രസിഡന്‍റാവുന്നത്. ഒരു സംസ്ഥാന അസോസിയോഷന്‍ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്‌എഫിന്‍റെ പ്രസിഡന്‍റാവുന്ന ആദ്യ ഫുട്ബോള്‍ താരമാണ് കല്യാണ്‍ ചൗബെ. 

ദില്ലി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനിലേക്കുള്ള(എഐഎഫ്എഫ്) തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് ജയം. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെ പ്രസിഡന്‍റാവുന്നത്. ഒരു സംസ്ഥാന അസോസിയോഷന്‍ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്‌എഫിന്‍റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്‍റാവുന്ന ആദ്യ ഫുട്ബോള്‍ താരമാണ് കല്യാണ്‍ ചൗബെ. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബുട്ടിയക്ക് രണ്ട് സംസ്ഥാന അസോസിയേഷനുകൾ പിന്തുണനൽകിയിരുന്നു. എന്നാൽ ഒരു വോട്ട് മാത്രമാണ് ഇന്ത്യയുടെ മുൻ നായകന് ലഭിച്ചത്. 36 സംസ്ഥാന അസോസിയേഷനുകളില്‍ ലഡാക്കിനും ജമ്മു കശ്മീരിനും മാത്രമാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടില്ലാതിരുന്നത്.

ഇന്ത്യന്‍ ഫുട്ബോളിന് ആശ്വാസം; അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ സസ്പെന്‍ഷന്‍ ഫിഫ പിന്‍വലിച്ചു

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഫുട്ബോളിന്‍റെ പുരോഗതിക്കായി താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ബൈച്ചുങ് ബൂട്ടിയ പറഞ്ഞു. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കല്യാണ്‍ ചൗബേക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബൂട്ടിയ പറഞ്ഞു. കല്യാണ്‍ ചൗബേക്ക് കീഴില്‍ ഇന്ത്യന്‍ ഫുട്ബോളിന് മുന്നോട്ടു കുതിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തന്നെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നുവെന്നും ബൂട്ടിയ പറഞ്ഞു.

കര്‍ണാടകയിലെ മലയാളി എംഎല്‍എ എന്‍എ ഹാരിസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മാന്‍വേന്ദ്ര സിംഗിനെയാണ് ഹാരിസ് തോല്‍പിച്ചത്. അരുണാചല്‍പ്രദേശില്‍ നിന്നുള്ള കിപ അജയ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഗോപാലകൃഷ്ണ കൊസരാജുവിനെയാണ് അജയ് തോല്‍പ്പിച്ചത്. 14 അംഗ എക്സിക്യൂട്ടീവിനെയും വിശിഷ്ട താരങ്ങളെയും ഇന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. വിശിഷ്ട താരങ്ങളില്‍ മലയാളി താരം ഐ എം വിജയനുമുണ്ട്.

ഏക്സിക്യൂ്ട്ടീവ് കമ്മിറ്റി അംഗങ്ങള്‍: GP Palguna, Avijit Paul, Anilkumar P, Ms. Valanka Alemao, Maloji Raje Chhatrapati, Menla Ethenpa, Mohan Lal, Arif Ali, K Neibou Sekhose, Lalnghinglova Hmar, Deepak Sharma, Vijay Bali, Syed Imtiaz Husain, Syed Hasnain Ali Naqvi.

തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട താരങ്ങള്‍: Bhaichung Bhutia, IM Vijayan, Shabbir Ali, Climax Lawrence, Pinky Bompal Magar, Thongam Tababi Devi.

ഫുട്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പത്രിക നല്‍കി ബൈച്ചുങ് ബൂട്ടിയ