കണ്ണൂർ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങൾക്ക് ജവഹർ സ്റ്റേഡിയം വേദിയാകും. ഒന്നര പതിറ്റാണ്ടിനിപ്പുറം ഒരു പ്രധാന ടൂർണമെന്റിന് വേദിയാകുന്ന കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ കന്നി കിരീടം ലക്ഷ്യമിട്ട് കണ്ണൂർ വാരിയേഴ്സും പരിശീലനം തുടരുകയാണ്.
കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം ഫുട്‌ബോളാരവത്തിന് കാതോര്‍ക്കുകയാണ് കണ്ണൂര്‍ നഗരം. സൂപ്പര്‍ ലീഗ് കേരള ക്ലബായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ ഇത്തവണ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. കന്നി കിരീടം ലക്ഷ്യമിട്ട് കണ്ണൂര്‍ വാരിയേഴ്സും പരിശീലനം തുടരുകയാണ്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പന്തുതട്ടിയ മൈതാനം, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വി പി സത്യനടക്കം പ്രതിഭകളയേറെ കണ്ട മണ്ണ്, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആ പുല്‍മൈതാനമുണരുകയാണ്.
സൂപ്പര്‍ ലീഗ് കേരള ക്ലബായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങളാണ് വിരുന്നെത്തുന്നത്. ഒന്നരപതിറ്റാണ്ടിനിപ്പുറം ഒരു പ്രധാന ടൂര്‍ണമെന്റിന് വേദിയാവുകയാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയം. ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, കേരള പ്രീമിയര്‍ ലീഗ് അങ്ങനെ ടൂര്‍ണമെന്റുകളനവധി വന്നു പോയി, അര ലക്ഷം കാണികളിരുന്ന സ്റ്റേഡിയത്തിനിന്ന് 15000 പേരെ മാത്രമെ ഉള്‍കൊളളാനാകു, കാലപഴക്കവും ജീര്‍ണാവസ്ഥയുമെല്ലാം വെല്ലുവിളികളാണ്. എങ്കിലും കണ്ണൂരിലേക്ക് മടങ്ങിയെത്തുന്ന കാല്‍പന്തുകളിയെ നെഞ്ചേറ്റാന്‍ ഒരു തലമുറ കാത്തിരിപ്പുണ്ട്, ഗാലറികളില്‍.
സ്റ്റേഡിയത്തിനൊപ്പമൊരുങ്ങുന്നുണ്ട് കണ്ണൂര്‍ വാരിയേഴ്‌സും, കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ സഹ പരിശീലകന്‍ ഷഫീഖ് ഹസ്സന്റെ നേതൃത്വത്തിലാണ് പരിശീലനം, മുഖ്യ പരിശീലകന്‍ മനോലോ സാഞ്ചസെത്തിയാല്‍ സംഗതി ഹൈ വോള്‍ട്ടേജ്.
അസിയര്‍ ഗോമസ്, ലവ്സാംബ, അഡ്രിയാന്‍ സര്‍ഡിനേറോ എന്നിവര്‍ക്ക് പുറമെ ഫോര്‍സാ കൊച്ചിയില്‍ നിന്നെത്തിയ നിദാല്‍ സൈദും കണ്ണൂര്‍ വാരിയേഴ്സിലെ വിദേശ താരങ്ങള്‍. ഒപ്പത്തിനൊപ്പം ആഭ്യന്തര താരങ്ങളുടെ മികച്ച നിര, കണ്ണൂരൊരുങ്ങുകയാണ് ഫുട്‌ബോളാരവത്തിനായി.

