പ്രീമിയര്‍ ലീഗ് ടീമായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ആന്ദ്രെ ഗ്രീൻ, 2015ലാണ് ക്ലബ്ബിന്‍റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2026-27 സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് 27-കാരനായ താരം ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചത്. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്‍റെ പ്രീസീസൺ ക്യാമ്പിൽ ചേർന്ന ഗ്രീൻ, വരാനിരിക്കുന്ന സീസണായുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

പ്രീമിയര്‍ ലീഗ് ടീമായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ആന്ദ്രെ ഗ്രീൻ, 2015ലാണ് ക്ലബ്ബിന്‍റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വിവിധ ചാമ്പ്യൻഷിപ്പുകളിലായി ആസ്റ്റൺ വില്ലയ്ക്കായി അമ്പതിലധികം മത്സരങ്ങളിൽ കളത്തിലിറങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെയുള്ള ടോപ് ടയർ ലീഗുകളിൽ പോർട്സ്മൗത്ത്, പ്രെസ്റ്റൺ നോർത്ത് എൻഡ്, ഷെഫീൽഡ് യുണൈറ്റഡ്, റോഥർഹാം യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും ഗ്രീൻ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ അണ്ടര്‍ 18, 19, 20 ദേശീയ യൂത്ത് ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള ഗ്രീന്‍ വിദേശ ലീഗുകളിലും കളിച്ച പരിചയസമ്പത്തുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

പ്രധാനമായും വിംഗുകളിൽ കളിക്കുന്ന താരമാണ് ഗ്രീൻ. ഇരു വിംഗുകളിലൂടെയും ഒരേ മികവോടെ മുന്നേറാൻ കഴിവുള്ള ഗ്രീനിന്‍റെ വേഗതയും മികച്ച പന്ത് നിയന്ത്രണവും വൺ ഓൺ വൺ സാഹചര്യങ്ങളിലെ ഡ്രിബ്ലിംഗ് മികവും കൊണ്ട് എതിർ പ്രതിരോധനിരയ്ക്ക് കനത്ത വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ളയാളാണ്. പന്തില്ലാതെ താരം നടത്തുന്ന സമയോചിതമായ നീക്കങ്ങൾ എതിർ പ്രതിരോധത്തിന്‍റെ ഘടന തകർക്കാനും സഹതാരങ്ങൾക്ക് ഒഴിഞ്ഞ ഇടങ്ങൾ തുറന്നുനൽകാനും വഴിയൊരുക്കും. മുന്നേറ്റനിരയിൽ എവിടെയും കളിക്കാൻ സാധിക്കുമെന്നത് അറ്റാക്കിംഗ് തേർഡിൽ ബ്ലാസ്റ്റേഴ്സിന് കൂടുതൽ സാധ്യതകൾ നൽകും. ഉയർന്ന തലത്തിലുള്ള മത്സരങ്ങളിലെ വലിയ പരിചയസമ്പത്തുമായി എത്തുന്ന ആന്ദ്രെ ഗ്രീന്‍റെ വരവ് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റങ്ങൾക്ക് പുതിയ ഊർജ്ജം പകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക