കൊച്ചിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സൗഹൃപ്പോരില്‍ ഇന്ത്യക്കായി കളിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തിലിറങ്ങുമോ അതോ ബ്ലാസ്റ്റേഴ്സ് കുപ്പായത്തിലിറങ്ങുമോ എന്ന ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ ചോദ്യത്തിന് മറുപടിയായായാണ് വുകാമനോവിച്ച് നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമും കേരളാ ബ്ലാസ്റ്റേഴ്സും(India vs Kerala Blasters) തമ്മില്‍ സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സൗഹൃദപോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ സഹല്‍ അബ്ദുള്‍ സമദ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ആര്‍ക്കുവേണ്ടി കളിക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച്(Ivan Vukomanovic). സൗഹൃദപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഇന്ത്യന്‍ താരങ്ങള്‍ ദേശീയ ടീമിനായി കളിക്കുമെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ദേശീയ ടീമിന്‍റെ നീല ജേഴ്സി അണിയുന്നതില്‍ ക്ലബ്ബിന് അഭിമാനമെയുള്ളൂവെന്നും വുകാമനോവിച്ച് ട്വിറ്ററില്‍ വ്യക്തമാക്കി.
കൊച്ചിയില്‍ നടക്കാനിരിക്കുന്ന സൗഹൃപ്പോരില്‍ ഇന്ത്യക്കായി കളിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തിലിറങ്ങുമോ അതോ ബ്ലാസ്റ്റേഴ്സ് കുപ്പായത്തിലിറങ്ങുമോ എന്ന ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ(Igor Stimac) ചോദ്യത്തിന് മറുപടിയായായാണ് വുകാമനോവിച്ച് നിലപാട് വ്യക്തമാക്കിയത്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയും കേരളത്തിലെ ഫുട്ബോള്‍ ആരാധകരും ഇന്ത്യന്‍ ടീമിന് ഗംഭീര സ്വീകരണമൊരുക്കുമെന്നും വുകമനോവിച്ച് പറഞ്ഞു. സഹലിന് പുറമെ ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്സണ്‍ സിങ്, ഗോള്‍ കീപ്പര്‍ പ്രഭ്ശുഭ്മാന്‍ ഗില്‍, ഹോര്‍മിപാം എന്നിവരാണ് ബ്ലാസ്റ്റേഴ്സിലും ഇന്ത്യന്‍ ദേശീയ ടീമിനായും കളിക്കുന്ന താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിനിടെ നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ടീമിന്‍റെ ഐഎസ്എല്‍ സീസണ് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് സൂചന നൽകിയിരുന്നു. പ്രീസീസൺ മത്സരങ്ങളിൽ യൂറോപ്യൻ ടീമുകളോട് കളിക്കുന്നതിനൊപ്പം ഇന്ത്യൻ ദേശീയ ടീമിനോടും സൗഹൃദ മത്സരത്തിന് താൽപര്യമുണ്ടെന്നായിരുന്നു വുകോമനോവിച്ചിന്‍റെ വാക്കുകൾ. കഴിഞ്ഞയാഴ്ച ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് കേരളത്തിലെ കാണികളുടെ ആവേശം നേരിട്ടറിയണമെന്നും ഇന്ത്യൻ ടീമിന്‍റെ ക്യാമ്പ് കേരളത്തിലേക്ക് മാറ്റണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
സ്റ്റിമാക്കിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കൊച്ചിയിൽ സൗഹൃദ മത്സരത്തിന് സജ്ജമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് അറിയിച്ചത്. സെപ്റ്റംബറിലെ ക്യാമ്പ് കേരളത്തിലാക്കണമെന്നായിരുന്നു ഇഗോർ സ്റ്റിമാക്കിന്‍റെ ആവശ്യം. ഒക്ടോബറിലാണ് ഐഎസ്എല്ലിന് തുടക്കമാകുന്നത്. അതിന് മുന്നോടിയായാണ് ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ടീമും തമ്മിലുള്ള മത്സരം കൊച്ചിയിൽ നടത്തുന്നതിനെക്കുറിച്ച് ആലോചനകള്‍ വന്നത്.
