മിസോറമിലെ കൊലാസിബ് സ്വദേശിയായ റാംലുൻഛുങ്ങ 2020-ൽ ഐസ്വാൾ എഫ്‌സിയിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടത്.
കൊച്ചി: ഐഎസ്എൽ പതിമൂന്നാം സീസണ് മുന്നോടിയായി മുന്നേറ്റനിര കൂടുതൽ ശക്തമാക്കാൻ ഇന്ത്യൻ വിങ്ങർ റാംലുൻഛുങ്ങയെ (ഛുങ്ങ ഹ്മാർ) സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. എസ് സി ഡൽഹിയിൽ നിന്നാണ് 25 കാരനായ മിസോറം താരം ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗമാകുന്നത്. 2027-28 സീസൺ വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.
മിസോറമിലെ കൊലാസിബ് സ്വദേശിയായ റാംലുൻഛുങ്ങ 2020-ൽ ഐസ്വാൾ എഫ്‌സിയിലൂടെയാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടത്. തുടർന്ന് ഹൈദരാബാദ് എഫ്‌സിയിലെത്തിയ താരം 2022-23 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ശ്രീനിധി ഡെക്കാനായി മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീനിധിക്കായി 22 ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടി. ഹൈദരാബാദ് എഫ്‌സിയിൽ തിരിച്ചെത്തിയ ശേഷം 2023-24 സീസണിൽ ഐഎസ്എല്ലിലും അരങ്ങേറ്റം കുറിച്ചു. വിംഗുകളിലൂടെ അതിവേഗം പന്തുമായി കുതിക്കാനും എതിർ പ്രതിരോധനിരയെ അനായാസം മറികടക്കാനുമുള്ള മിടുക്കാണ് റാംലുൻഛുങ്ങയുടെ പ്രധാന കരുത്ത്. മികച്ച ബോൾ കൺട്രോളും വേഗതയും അറ്റാക്കിംഗ് തേർഡിൽ താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. മുന്നേറ്റനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ ഒരുപോലെ തിളങ്ങാൻ സാധിക്കുമെന്നത് ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണങ്ങൾക്ക് പുതിയ മാനങ്ങൾ നൽകും.
ഐ ലീഗിലെയും ഐഎസ്എല്ലിലെയും അനുഭവസമ്പത്തുമായി എത്തുന്ന റാംലുൻഛുങ്ങയുടെ വരവ് വരാനിരിക്കുന്ന സീസണിൽ ടീമിന് വലിയ കരുത്താകും. ഐഎസ്എൽ സീസണിന് മുന്നോടിയായി ചെന്നൈയിൽ നടക്കുന്ന പ്രീസീസൺ ക്യാമ്പിൽ ചേർന്ന താരം സഹതാരങ്ങൾക്കൊപ്പം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
