Asianet News MalayalamAsianet News Malayalam

തിരിച്ചുവരവ് ആഘോഷമാക്കി വുകോമാനോവിച്ച്! ഒഡീഷക്കെതിരെ പിന്നിലായ ശേഷം തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

66-ാം മിനിറ്റില്‍ ഡയമന്റാകോസ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. ദയ്‌സുകെ സകായ് അസിസ്റ്റ് നല്‍കുകയായിരുന്നു. 84-ാം മിനിറ്റില്‍ ലൂണയുടെ വിജയഗോള്‍. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ചു

Kerala Blasters won over Odisha FC in ISL Full match report saa
Author
First Published Oct 27, 2023, 10:01 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് 2-1ന് ജയം. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാതിയില്‍ രണ്ട് ഗോള്‍ നേടി തിരിച്ചെത്തുകയായിരുന്നു. ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്. കൊച്ചി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സസ്‌പെന്‍ കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരം കൂടിയാണിത്. പത്ത് മത്സരങ്ങളില്‍ നിന്നേര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞാണ് വുകോമാനോവിച്ച് തിരിച്ചെത്തിയത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ഉണര്‍ന്നത്. മൂന്നാം മിനിറ്റില്‍ തന്നെ കെ പി രാഹുലിന്റെ ഷോട്ട് ഒഡീഷയുടെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. ആറാം മിനിറ്റില്‍ ഒഡീഷയുടെ ഭാഗത്ത് നിന്ന് ആദ്യ ഗോള്‍ശ്രമവുമുണ്ടായി. 12-ാം മിനിറ്റില്‍ പ്രിതം കോട്ടലിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. 15-ാം മിനിറ്റില്‍ മൗറിസിയോയുടെ ഗോളെത്തി. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മൗറിസിയോയുടെ ഗോള്‍. 22-ാം മിനിറ്റില്‍ ഒഡീഷയ്ക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ മൗറിസിയോയുടെ പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് താരം നവോച്ച സിംഗിന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്. ഇടത്തോട് ചാടിയ സുരേഷ് കിക്ക് രക്ഷപ്പെടുത്തുകയായിരുന്നു. 

പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. ദെയ്‌സുകെ സകായ് പായിച്ച് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതിക്ക് അങ്ങനെ അവസാനമായി. എന്നാല്‍ 66-ാം മിനിറ്റില്‍ ഡയമന്റാകോസ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. ദയ്‌സുകെ സകായ് അസിസ്റ്റ് നല്‍കുകയായിരുന്നു. 84-ാം മിനിറ്റില്‍ ലൂണയുടെ വിജയഗോള്‍. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ചു. 

സീസണില്‍ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു കളി തോറ്റു. ഒരു കളി  സമനിലയായി. നാലു കളികളില്‍ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. നാലു കളികളില്‍ 10 പോയന്റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.

സംശയമില്ല, കോലി സച്ചിനെ മറികടക്കും! എവിടെ, എങ്ങനെ? കാര്യങ്ങള്‍ വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

Latest Videos
Follow Us:
Download App:
  • android
  • ios