പയ്യനാട് സ്റ്റേഡിയത്തിലെ ആവേശ ഫൈനലില്‍ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കേരളം ഏഴാം കിരീടം ഉയര്‍ത്തുകയായിരുന്നു
മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy 2022) കിരീട നേട്ടം ആരാധകർക്കുളള പെരുന്നാൾ സമ്മാനമെന്ന് കേരള ടീം (Kerala Football Team) പരിശീലകൻ ബിനോ ജോർജ്. വിജയത്തിൽ കാണികളോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ബിനോ ജോർജ് (Bino George) എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിറഞ്ഞുകവിഞ്ഞ ഗാലറിക്ക് മുന്നിലാണ് കേരളം ടൂര്‍ണമെന്‍റിലെ എല്ലാ മത്സരങ്ങളും കളിച്ചത്.
പയ്യനാട് സ്റ്റേഡിയത്തിലെ ആവേശ ഫൈനലില്‍ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കേരളം ഏഴാം കിരീടം ഉയര്‍ത്തുകയായിരുന്നു. അധികസമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷമാണ് കേരളം തിരിച്ചടിച്ചത്. ടൂര്‍ണമെന്‍റില്‍ ഒരു കളി പോലും തോൽക്കാതെയാണ് കേരളത്തിന്‍റെ കിരീടധാരണം. 1993ൽ കൊച്ചിയിൽ കുരികേശ് മാത്യുവിന്‍റെ ടീം ചാമ്പ്യന്മാരായതിന് ശേഷം സ്വന്തം മണ്ണിൽ കേരളത്തിന്‍റെ ആദ്യ കിരീടമാണിത്. കേരള നായകന്‍ ജിജോ ജോസഫ് ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.
തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.
Santosh Trophy : മലപ്പുറം സന്തോഷ് ട്രോഫി: ചരിത്രം ഈ ടൂർണമെന്‍റ്; ആരാധകർക്ക് ബിഗ് സല്യൂട്ട്
