രണ്ടാം കിരീടത്തിനായി കേരളത്തിന് 1992വരെ കാത്തിരിക്കേണ്ടിവന്നു. വി പി സത്യന്‍ നയിച്ച കേരളം ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ തോല്‍പിച്ചു. 73ലെ വൈസ് ക്യാപ്റ്റനായിരുന്ന ടി എ ജാഫറായിരുന്നു കോച്ച്.

മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ (Santosh Trophy) ആറ് തവണയാണ് കേരളം കിരീടം നേടിയിട്ടുള്ളത്. നാല് പരിശീലകര്‍ക്ക് കീഴിലായിരുന്നു കേരളത്തിന്റെ (Kerala Football) കിരീനേട്ടങ്ങള്‍. എണ്‍പത്തിയൊന്ന് വര്‍ഷം മുന്‍പ് കൊല്‍ക്കത്തയില്‍ തുടക്കമായ സന്തോഷ് ട്രോഫിയില്‍ കേരളം ആദ്യമായി തൊടുന്നത് 1973ല്‍. ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം ഫൈനലില്‍ തോല്‍പിച്ചത് റെയില്‍വയെ. ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക് കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊച്ചിയില്‍ കേരളത്തിന്റെ കന്നിക്കിരീടം. 

രണ്ടാം കിരീടത്തിനായി കേരളത്തിന് 1992വരെ കാത്തിരിക്കേണ്ടിവന്നു. വി പി സത്യന്‍ നയിച്ച കേരളം ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ തോല്‍പിച്ചു. 73ലെ വൈസ് ക്യാപ്റ്റനായിരുന്ന ടി എ ജാഫറായിരുന്നു കോച്ച്. 93ല്‍ കൊച്ചിയില്‍ ജാഫറും കേരളവും കിരീടം നിലനിര്‍ത്തി. കുരികേശ് മാത്യു നയിച്ച ടീം ഫൈനലില്‍ മഹാരാഷ്ട്രയെ വീഴ്ത്തിയത് മറുപടിയില്ലാത്ത രണ്ടുഗോളിന്. നാലാം കിരീടം 2001ലെ മുംബൈ സന്തോഷ് ട്രോഫിയില്‍. വി ശിവകുമാര്‍ നയിച്ച കേരളം ഫൈനലില്‍ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. എം പീതാംബരനായിരുന്നു കോച്ച്. 

2004ല്‍ എം പീതാംബരന്റെ ശിക്ഷണത്തില്‍ ഡല്‍ഹിയില്‍ കേരളം കിരീടനേട്ടം ആവര്‍ത്തിച്ചു. നായകന്‍ ഇഗ്‌നേഷ്യസ് സില്‍വസ്റ്ററിന്റെ ഗോള്‍ഡണ്‍ ഗോളില്‍ കേരളം കിരീടപ്പോരാട്ടത്തില്‍ മറികടന്നത് പഞ്ചാബിനെ. ഒരിക്കല്‍ക്കൂടി സന്തോഷ് ട്രോഫി നാട്ടിലേക്ക് എത്തിക്കാന്‍ പതിനാല് കേരളത്തിന് കൊല്ലം കാത്തിരിക്കേണ്ടിവന്നു. 2018ല്‍ കൊല്‍ക്കത്തയില്‍ കാത്തിരിപ്പിന് അന്ത്യം കുറിച്ച് രാഹുല്‍ വി രാജും സംഘവും. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പിക്കുമ്പോള്‍ സതീവന്‍ ബാലനായിരുന്നു പരിശീലകന്‍. 1988ല്‍ കൊല്ലത്തും 89ല്‍ ഗുവാഹത്തിയിലും 90ല്‍ ഗോവയിലും 91ല്‍ പാലക്കാടും 94ല്‍ കട്ടക്കിലും രണ്ടായിരത്തില്‍ തൃശൂരിലും 2003ല്‍ മണിപ്പൂരിലും 2013ല്‍ കൊച്ചിയിലും കേരളം ഫൈനലില്‍ തോറ്റു. നാല് തവണ ഫൈനലില്‍ വീണത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു.