കേരളത്തിന്റെ മധ്യനിരശക്തം. പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാനുണ്ട് ബിനോ ജോര്‍ജിനും സംഘത്തിനും. കേരളത്തിനോട് തോറ്റതിനുശേഷം അടിമുടി മാറിയ ബംഗാളിന്റെ ലക്ഷ്യം മുപ്പത്തിമൂന്നാം കിരീടം.

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോളില്‍ കേരളത്തിന് (Keralam) നാളെ കിരീടപ്പോരാട്ടം. ഫൈനലില്‍ ബംഗാളാണ് (West Bengal) എതിരാളികള്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പ്രതാപം വറ്റിയെങ്കിലും സന്തോഷ് ട്രോഫി ഇന്നും കേരളത്തിന് ആവേശം. സന്തോഷ് ട്രോഫിയില്‍ സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ സന്തോഷം നിറയ്ക്കാന്‍ ഒറ്റജയമകലെ കേരളം. കിരീടപ്പോരിലെ എതിരാളികള്‍ നാല്‍പ്പത്തിയാറാം ഫൈനലിന് ഇറങ്ങുന്ന ബംഗാള്‍. 

കേരളം സെമിയില്‍ കര്‍ണാകയെ തകര്‍ത്തത് മൂന്നിനെതിരെ ഏഴ് ഗോളിന്. മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് ബംഗാളിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളം എതിരില്ലാത്ത രണ്ടുഗോളിന് ബംഗാളിനെ തോല്‍പിച്ചിരുന്നു. അഞ്ച് കളിയില്‍ പതിനെട്ട് ഗോളടിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. വഴങ്ങിയത് ആറ് ഗോള്‍. ക്യാപ്റ്റന്‍ ജിജോ ജോസഫ് അഞ്ചും സെമിയിലെ അഞ്ചുഗോളടക്കം ആറ് ഗോളുമായി സൂപ്പര്‍ സബ് ജെസിനും സ്‌കോറര്‍മാരില്‍ മുന്നില്‍.

കേരളത്തിന്റെ മധ്യനിരശക്തം. പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാനുണ്ട് ബിനോ ജോര്‍ജിനും സംഘത്തിനും. കേരളത്തിനോട് തോറ്റതിനുശേഷം അടിമുടി മാറിയ ബംഗാളിന്റെ ലക്ഷ്യം മുപ്പത്തിമൂന്നാം കിരീടം. കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണ. 

1989ലും 1994ലും സന്തോഷം ബംഗാളിനൊപ്പം. കേരളം പകരംവീട്ടിയത് 2018ല്‍. പതിനഞ്ചാം ഫൈനലിനിറങ്ങുന്ന കേരളം ഏഴാം കിരീടത്തിന് തൊട്ടരികെ. കേരളത്തിന്റെ പോരാട്ടവീര്യത്തിനൊപ്പം ഗാലറിയിലെ കാല്‍ലക്ഷത്തില്‍ ഏറെയുള്ളവരുടെ ആവേശത്തെയും മറികടന്നാലെ ബംഗാളിന് സന്തോഷിക്കാനാവൂ.