തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് പാലക്കാട് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ കോഴിക്കോടും പാലക്കാടും ഏറ്റു മുട്ടും. കെഎംസിസി ജില്ലാ ടീമുകള്‍ മാറ്റുരച്ച സെമി ഫൈനല്‍ പോരാട്ടത്തില്‍ കണ്ണൂരിന്റെ പോരാട്ട വീര്യത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കോഴിക്കോട് ഫൈനലില്‍ പ്രവേശിച്ചത്. മലപ്പുറത്തെ പെനാല്‍റ്റിഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ പാലക്കാടാണ് ഫൈനലില്‍ കോഴിക്കോടിന്റെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടം മുതല്‍ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍ എത്തിയത്.

ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് തലത്തില്‍ സമ്പൂര്‍ണ്ണ വിജയവുമായി എത്തിയ കണ്ണൂര്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കോഴിക്കോട് തോറ്റു കൊടുക്കാന്‍ ഒരുക്കമല്ലെന്ന നയം വ്യക്തമാക്കിയിരുന്നു. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞതോടെ മത്സരത്തിന്റെ ആവേശം ഗ്യാലറിയിലും കാണാമായിരുന്നു. മത്സരത്തിന്റെ പത്തൊന്‍പതാം മിനുട്ടില്‍ കോഴിക്കോട് നിര്‍ണ്ണായക ലീഡ് നേടി. കണ്ണൂര്‍ പ്രതിരോധത്തെ മറികടന്ന് തഷിന്‍ റഹ്മാന്‍ നല്‍കിയ മികച്ച പസ്സാണ് ജിഫ്രിയുടെ ഗോളിലേക്ക് വഴി തെളിയിച്ചത്.

ഗോള്‍ വഴങ്ങിയ കണ്ണൂരിനു കൂടുതല്‍ സമ്മര്‍ദ്ദമേറ്റി രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട സല്‍മാനുല്‍ ഫാരിസ് പുറത്തായി. ഇതോടെ കണ്ണൂര്‍ രണ്ടാം പകുതിയില്‍ പത്തുപേരിലേക്ക് ചുരുങ്ങി. ഇത് മുതലെടുത്ത കോഴിക്കോട് മത്സരത്തില്‍ ലീഡ് നേട്ടം രണ്ടായി ഉയര്‍ത്തി. മൈതാന മധ്യത്തില്‍ നിന്ന് ഒറ്റക്ക് പന്തുമായി മുന്നേറിയ ജിഫ്രി ഗോള്‍കീപ്പറെയും കബളിപ്പിച് രണ്ടാം ഗോള്‍ നേടി. ഇതോടെ കണ്ണൂരിന്റെ പതനം പൂര്‍ണ്ണമായി. രണ്ടു ഗോള്‍ നേടിയ ജിഫ്രി തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും. റോയല്‍ മിറാജ് മാനേജിങ് ഡയറക്ടര്‍ നജ്മുദ്ധീന്‍ മഞ്ഞളാംകുഴി അവാര്‍ഡ് സമ്മാനിച്ചു.

മലപ്പുറം തോറ്റത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ടൂര്‍ണ്ണമെന്റിലെ രണ്ടാം സെമി ഫൈനലില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് പാലക്കാട് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മത്സരത്തിന്റെ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. മത്സരം തുടങ്ങി ഇരുപത്തിയഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഫാസിലിലൂടെ മലപ്പുറമാണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയിലെ ലീഡിന്റെ മികവില്‍ രണ്ടാം പകുതിയിലിറങ്ങിയ മലപ്പുറത്തെ നിഷ്പ്രഭമാക്കുന്ന ഉജ്വല പ്രകടനമാണ് പാലക്കാട് പുറത്തെടുത്തത്. മലപ്പുറത്തിന്റെ ഗോള്‍ ബോക്‌സിനുള്ളില്‍ നിരന്തരമായ ആക്രമണങ്ങള്‍ അവര്‍ നടത്തിക്കൊണ്ടേയിരുന്നു.

അതിന്റെ പ്രതിഫലമെന്നോണം അതിമനോഹരമായ നീക്കത്തിലൂടെ സുഹൈല്‍ ഗോള്‍ മടക്കി. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. സമനില കണ്ടെത്തിയോടെ പാലക്കാടിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന മിനുട്ടില്‍ മലപ്പുറത്തിന് ലഭിച്ച മികച്ച ഒരവസരം പാലക്കാടിന്റെ ഗോള്‍ കീപ്പര്‍ സേവ് ചെയ്തു. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. മത്സരത്തില്‍ മലപ്പുറത്തിന്റെ മൂന്നു കിക്കുകള്‍ പാഴായപ്പോള്‍ പാലക്കാടിന്റേത് രണ്ടെണ്ണവും പുറത്തേക്ക് പോയി. പെനാല്‍റ്റിയിലൂടെ മത്സരം അവസാനിച്ചപ്പോള്‍ മൂന്ന് രണ്ട് എന്ന സ്‌കോറിന് പാലക്കാട് കലാശപ്പോരാട്ടത്തിനു യോഗ്യത നേടി. മത്സരത്തില്‍ പാലക്കാടിന്റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ സുഹൈല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്ആയി തിരഞ്ഞെടുത്തത്.

YouTube video player