മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് നാടകീയ ജയം. റയൽ ഇഞ്ചുറിടൈം ഗോളിൽ എൽചെയെ തോൽപിച്ചു. കളിതീരാൻ നിമിഷങ്ങൾ ശേഷിക്കേ കരീം ബെൻസേമയുടെ ഗോളാണ് റയലിനെ രക്ഷിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു റയലിന്റെ ജയം. 

ആദ്യപകുതി ഗോൾരഹിതമായിരുന്നു. അറുപത്തിയൊന്നാം മിനുറ്റിൽ ഡാനി കാൽവോയിലൂടെ എൽചെ മുന്നിലെത്തി. എഴുപത്തിമൂന്നാം മിനിറ്റിൽ റയലിനെ ഒപ്പമെത്തിച്ചതും കരീം ബെൻസേമ ആയിരുന്നു. റയൽ 27 കളിയിൽ 57 പോയിന്റുമായി ബാഴ്സലോണയെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. 62 പോയിന്റുള്ള അത്‍ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. നാളെ ഹ്യൂയസ്കയെ നേരിടുന്ന ബാഴ്സലോണയ്ക്ക് 56 പോയിന്റാണുള്ളത്.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഫുൾഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സിറ്റി തകർത്തു. സ്റ്റോൺസ്, ഗബ്രിയേല്‍ ജീസസ്, അഗ്വിറോ എന്നിവ‌ർ മാഞ്ചസ്റ്ററിനായി ലക്ഷ്യം കണ്ടു. 2020 ജനുവരിക്ക് ശേഷം പ്രീമിയർ ലീഗിൽ സെർജിയോ അഗ്വിറോ ഗോൾ നേടുന്നത് ഇതാദ്യമാണ്. രണ്ടാമതുള്ള മാ‍ഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പോയിന്റ് വ്യത്യാസം ജയത്തോടെ സിറ്റി 17 ആക്കി ഉയർത്തി. 

മറ്റൊരു മത്സരത്തിൽ ചെൽസിയും ലീഡ്സ് യുണൈറ്റഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 29 കളിയിൽ 51 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ചെൽസി.

ജർമ്മൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ മൂന്ന് ഗോളിന് വെർഡർ ബ്രെമനെ തോൽപിച്ചു. ലിയോൺ ഗോരെസ്ക, സെർജി ഗ്നാബ്രി, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരുടെ ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. കളിതിരാൻ അഞ്ച് മിനിറ്റുള്ളപ്പോൾ നിക്ലാസ് വെർഡർ ബ്രെമന്റെ ആശ്വാസഗോൾ നേടി. ഇടവേളയിൽ ബയേൺ രണ്ട് ഗോളിന് മുന്നിലായിരുന്നു. 25 കളിയിൽ 58 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാമ്പ്യന്‍മാരായ ബയേൺ മ്യൂണിക്ക്.

ചരിത്രം കുറിച്ച് മുംബൈ സിറ്റി; എടികെയെ മലര്‍ത്തിയടിച്ച് ആദ്യ ഐഎസ്എല്‍ കിരീടം