കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 55 ദശലക്ഷം യൂറോ മുടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണ ഫെറാന്‍ ടോറസിനെ സ്വന്തമാക്കിയത്.  

ബാഴ്‌സലോണ: സ്‌ട്രൈക്കര്‍ ഫെറാന്‍ ടോറസിനെ (Ferran Torres) സ്വന്താക്കിയിട്ടും ടീമില്‍ ഉള്‍പ്പെടുത്താനാവാതെ ബാഴ്‌സലോണ (Barcelona). ലാ ലീഗയുടെ (La Liga) സാമ്പത്തിക നിയന്ത്രണാണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാവുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 55 ദശലക്ഷം യൂറോ മുടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണ ഫെറാന്‍ ടോറസിനെ സ്വന്തമാക്കിയത്. 

സെര്‍ജിയോ അഗ്യൂറോ അകാലത്തില്‍ വിരമിച്ചതും മെംഫിസ് ഡീപ്പേ നിറംമങ്ങിയതും അന്‍സു ഫാറ്റി പരിക്കിന്റെ പിടിയിലായതുമാണ് ഇത്ര വലിയതുക മുടക്കി ബാഴ്‌സലോണ ടോറസിനെ സ്വന്തമാക്കാന്‍ കാരണം. ഇരുപത്തിയൊന്നുകാരനായ ടോറസ് 2020ല്‍ വലന്‍സിയയില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍ക്കൊക്കം 43 കളിയില്‍ പതിനാറ് ഗോള്‍ നേടിയിട്ടുണ്ട്. 

കാംപ് നൗവില്‍ ടോറസിനെ അവതരിപ്പിച്ചെങ്കിലും, താരത്തെ ഇതുവരെ ലാലീഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല. ലാ ലിഗയില്‍ ഓരോ ടീമിനും സീസണില്‍ ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. ഇതുകൊണ്ടുതന്നെ ടീമില്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ചിലതാരങ്ങളെ ഒഴിവാക്കിയാല്‍ മാത്രമേ ബാഴ്‌സയ്ക്ക് ടോറസിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. 

ഫിലിപെ കുടീഞ്ഞോ, സാമുവല്‍ ഉംറ്റീറ്റി, സെര്‍ജിനോ ഡെസ്റ്റ്, ലൂക്ക് ഡി യോംഗ്, യൂസഫ് ഡെമിര്‍ എന്നിവരെ ജനുവരിയില്‍ ഒഴിവാക്കാനാണ് ബാഴ്‌സയുടെ ശ്രമം. എന്നാല്‍ ഈ താരങ്ങള്‍ക്കായി ആരും രംഗത്തുവരാത്തത് പ്രതിസന്ധിയായി. ഇതോടൊപ്പം ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലേ പ്രതിഫലം കുറയക്കാന്‍ തയ്യാറാവാത്തതും ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായി.