പരസ്പരം ആശ്ലേഷിച്ചശേഷം മെസി, ലെവയെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ പറയുന്നത് കാണാമായിരുന്നു. പിന്നീട് പോവാനൊരുങ്ങിയ ലെവയെ വീണ്ടും അടുത്തേക്ക് നിര്‍ത്തി മെസി എന്തോ രഹസ്യം പറഞ്ഞു.

ദോഹ: അർജന്‍റീന-പോളണ്ട് മത്സരശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസ്സിയും പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവൻഡോവ്സ്കിയും പരസ്പരം ചെവിയിൽ പറഞ്ഞത് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്. മത്സരത്തിനിടെ ഒരു ഫൗളിന് ശേഷം കൈ കൊടുക്കാന്‍ നിന്ന ലെവന്‍ഡോവ്സ്കിയെ മെസി ഗൗനിച്ചില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു മത്സരശേഷം ഇരുവരും ആരാധകര്‍ക്ക് മുമ്പില്‍ രഹസ്യം കൈമാറിയത്.

പരസ്പരം ആശ്ലേഷിച്ചശേഷം മെസി, ലെവയെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ പറയുന്നത് കാണാമായിരുന്നു. പിന്നീട് പോവാനൊരുങ്ങിയ ലെവയെ വീണ്ടും അടുത്തേക്ക് നിര്‍ത്തി മെസി എന്തോ രഹസ്യം പറഞ്ഞു. അന്നു മുതല്‍ അത് എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ഇക്കാര്യം മെസിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്നിലൂടെ ഇക്കാര്യം പുറത്തറിയില്ലെന്ന് മെസി മറുപടി നല്‍കിയതോടെ ആരാധകരുടെ ആകാംക്ഷകൂടി.

ബ്രസീലും ഫ്രാന്‍സും അര്‍ജന്റീനയും വീണു; അട്ടിമറികളുടെ ലോകകപ്പ്, അജയ്യരായി ആരുമില്ല

മെസിയുടെ പഴയ ക്ലബ്ബായ ബാഴ്സലോണയുടെ പ്രധാന താരമാണ് ഇപ്പോള്‍ ലെവന്‍ഡോവ്സ്കി. ഈ സീസണോടെ പി എസ് ജിയുമായുള്ള കരാര്‍ തീരുന്ന മെസി ബാഴ്സയില്‍ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിനിടെ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് ലെവൻഡോവ്സ്കി ഇപ്പോള്‍.

താങ്കള്‍ പതിവില്‍ കൂടുതൽ പ്രതിരോധത്തിലൂന്നി കളിച്ചുവെന്നാണ് താൻ മെസിയോട് പറഞ്ഞതെന്ന് ലെവൻഡോവ്സ്കി പറഞ്ഞു. ചിലപ്പോഴൊക്കെ ടീമിനുവേണ്ടി അങ്ങനെ കളിക്കേണ്ടിവരുമെന്നായിരുന്നു മെസിയുടെ മറുപടിയെന്നും ലെവൻഡോവ്സ്കി വെളിപ്പെടുത്തി. മെസിയെ ഫൗള്‍ ചെയ്യേണ്ടിവന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും പക്ഷെ ടീമിനുവേണ്ടി തനിക്കത് ചെയ്യേണ്ടിവരുമെന്നും ലെവന്‍ഡോവ്സ്കി പറഞ്ഞു.

ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി, ടീമുകളും എതിരാളികളും സമയവും ഇങ്ങനെ

അര്‍ജന്‍റീനക്കെതിരായ മത്സരത്തില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു പോളണ്ട് കളിച്ചത്. 10 കളിക്കാരും പ്രതിരോധത്തിന് നിന്നപ്പോള്‍ വല്ലപ്പോഴും മാത്രമാണ് ലെവന്‍ഡോവ്സ്കിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീന ഗോള്‍ മുഖത്ത് പന്തെത്തിയത്. ഇതിനിടെ മെസിയെ ലെവൻഡോവ്സ്കി ഫൌൾ ചെയ്തിരുന്നു. ഇതിന് ശേഷം ലെവൻഡോവ്സ്കി കൈകൊടുത്തെങ്കിലും മെസി കാണാത്തമട്ടിൽ നടന്നുനീങ്ങി. ഇതോടെയാണ് താരങ്ങൾക്കിടയിലെ സംസാരം എന്താവുമെന്നതിനെച്ചൊല്ലി പലതരത്തിലുള്ള അഭ്യൂഹങ്ങളും പരന്നത്.

രണ്ടുഗോൾ ജയത്തോടെ അർജന്‍റീന ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ടും നോക്കൌട്ട് റൗണ്ടിലെത്തി.