ലാലീഗയില്‍ വലന്‍സിക്കെതിരായ മത്സരത്തില്‍ എവേ ഗ്രൗണ്ടിലാണ് റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയറിനെതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്

റിയോ ഡി ജനീറോ: ലാലീഗയില്‍ വലന്‍സിക്കെതിരായ മത്സരത്തിനിടെ വംശീയാധിക്ഷേപത്തിന് ഇരയായ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രസീല്‍. റിയോ ഡി ജനീറോയിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം തിങ്കളാഴ്‌ച രാത്രി ഒരു മണിക്കൂര്‍ നേരം അണച്ചാണ് ബ്രസീലിയന്‍ സര്‍ക്കാരും ജനതയും അവരുടെ താരത്തോട് പിന്തുണ പ്രകടിപ്പിച്ചത്. റിയോയുടെയും ബ്രസീലിന്‍റേയും ഐക്കണായി അറിയപ്പെടുന്ന ശില്‍പമാണ് ക്രൈസ്റ്റ് ദി റെഡീമര്‍. വംശീയതയെ എതിര്‍ത്തുകൊണ്ടുള്ള ബ്രസീലിയന്‍ ജനതയുടെയും ലോകത്തിന്‍റേയും ഈ ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞു വിനീഷ്യസ്. പ്രകാശം അണഞ്ഞ ക്രൈസ്റ്റ് ദി റെഡീമര്‍ ശില്‍പത്തിന്‍റെ ചിത്രം സഹിതമാണ് വിനിയുടെ ട്വീറ്റ്. 

സ്‌പാനിഷ് ലാലീഗയില്‍ വലന്‍സിക്കെതിരായ മത്സരത്തില്‍ എവേ ഗ്രൗണ്ടിലാണ് റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയറിനെതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്. ഇതാദ്യമായല്ല സ്‌പെയിനിലെ എതിര്‍ കാണികള്‍ വിനീഷ്യസിനെതിരെ റേസിസ്റ്റ് മുദ്രാവാക്യങ്ങളും ആംഗ്യങ്ങളും പ്രകടിപ്പിക്കുന്നത്. വലന്‍സിയയിലെ സംഭവത്തെ ശക്തമായി അപലപിച്ച് റയല്‍ മാഡ്രിഡ് ക്ലബും മുന്‍ ഫുട്ബോളര്‍മാരും ബ്രസീലിയന്‍ ജനതയും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ തന്‍റെ വേദന ലോക ഫുട്ബോള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വിനി കുറിക്കുകൊള്ളുന്ന കുറിപ്പ് പങ്കുവെച്ചതോടെയാണ് താരത്തിന് ഐക്യദാര്‍ഢ്യവുമായി ലോകജനത അണിനിരന്നത്. 

''റൊണാള്‍ഡീഞ്ഞോയുടെയും മെസിയുടെയും റൊണാള്‍ഡോയുടേയുമൊക്കെ പേരില്‍ അറിയപ്പെട്ടിരുന്ന ലീഗ് ഇപ്പോള്‍ വംശവെറിയന്മാരുടേതാണ്. ഇത് ഒന്നാമത്തെയോ, രണ്ടാമത്തെയോ, മൂന്നാമത്തെയോ തവണയല്ല താന്‍ വംശീയ പരാമര്‍ശങ്ങള്‍ക്ക് ഇരയാവുന്നത്. ലാലീഗയില്‍ ഇത് പതിവ് സംഭവമാണ്. ആരും എതിര്‍ക്കുന്നില്ല. എതിരാളികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. താന്‍ ഇഷ്ടപ്പെടുന്ന, തന്നെ സ്വാഗതം ചെയ്‌ത സ്‌പെയിന്‍റെ മണ്ണ് ഇപ്പോള്‍ വംശവെറിയന്മാരുടേതാണ്. സ്പാനിഷ് ജനതയ്‌ക്ക് താന്‍ പറയുന്നത് വിഷമമുണ്ടാക്കുമെങ്കിലും യാഥാര്‍ഥ്യം പറയാതെ വയ്യ. ബ്രസീലില്‍ സ്‌പെയിന്‍ എന്നാല്‍ വംശവെറിയന്മാരുടെ രാഷ്ട്രമാണ്- എന്നുമായിരുന്നു കണ്ണീരോടെ വിനിയുടെ വാക്കുകള്‍. വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചതില്‍ ലാലീഗയോട് നിയമനടപടി ബ്രസീലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Scroll to load tweet…

വംശീയാധിക്ഷേപത്തിനെതിരെ റയല്‍ മാഡ്രിഡ് ക്ലബ് നിയമനടപടികളിലേക്ക് ഇതിനകം കടന്നിട്ടുണ്ട്. സ്‌പാനിഷ് അറ്റോര്‍ണി ജനറലിന് പരാതി നല്‍കിയിരിക്കുകയാണ് ക്ലബ്. വിനീഷ്യസിന് ഐക്യദാര്‍ഢ്യവുമായി ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോ, ബാഴ്‌സ പരിശീലകന്‍ സാവി, നിരവധി മുന്‍താരങ്ങള്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. 

Read more: വംശീയാധിക്ഷേപത്തിന് പിന്നാലെ റയല്‍ വിടാനൊരുങ്ങി വിനിഷ്യസ്! വിട്ടുകൊടുക്കില്ലെന്ന് ക്ലബ്

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News